ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ 80 റണ്‍സടിച്ച ജയ്സ്വാള്‍ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 209 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു.
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയുമായി ഇന്ത്യൻ ഇന്നിംഗ്സിനെ താങ്ങി നിര്‍ത്തിയ യുവതാരം യശസ്വി ജയ്സ്വാളിനെ പുകഴ്ത്തി ഇല്ലാതാക്കരുതെന്ന മുന്നറിയിപ്പുമായി മുന്‍ ഇന്ത്യൻ താരം ഗൗതം ഗംഭീര്‍. യശസ്വി യുവതാരമാണെന്നും അവനില്‍ പ്രതീക്ഷകളുടെ ഭാരം കയറ്റിവെച്ച് സമ്മര്‍ദ്ദത്തിലാക്കരുതെന്നും ഗംഭീര്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെിരെ ഡബിള്‍ സെഞ്ചുറി നേടിയ ജയ്സ്വാളിനെ അഭിനന്ദിക്കുന്നു. അതിനെക്കാള്‍ പ്രധാനമായി എല്ലാവരോടുമായി പറയാനുള്ളത്, അവനെ പുകഴ്ത്തി നശിപ്പിക്കരുത് എന്നാണ്. അവനെ അവന്‍റെ സ്വാഭാവിക കളി പുറത്തെടുക്കാന്‍ അനുവദിക്കൂ. ഇന്ത്യയില്‍ മുമ്പും നമ്മളിത് കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് മാധ്യമങ്ങള്‍ ഏതെങ്കിലും താരം മികച്ച പ്രകടനം നടത്തുമ്പോഴേക്കും അവനെ പ്രശംസിച്ച് വലിയ നായകന്‍മാരാക്കും. അതോടെ അവരുടെ മേല്‍ പ്രതീക്ഷകളുടെ ഭാരം കൂടുകയും അവര്‍ക്ക് അവരുടെ സ്വാഭാവിക പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ പരാജയപ്പെടുകയും ചെയ്യും.

അതുകൊണ്ട് അവനെ വളരാന്‍ അനുവദിക്കു. അവന്‍ ക്രിക്കറ്റ് ആസ്വദിച്ച് കളിക്കട്ടെയെന്നും ഗംഭീര്‍ പറഞ്ഞു.ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ 80 റണ്‍സടിച്ച ജയ്സ്വാള്‍ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 209 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. ഓപ്പണറായി ഇറങ്ങി തകര്‍ത്തടിക്കുന്ന ജയ്സ്വാളിന്‍റെ ബാറ്റിംഗിനെ മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗിനോട് പല മുന്‍ താരങ്ങളും താരതമ്യം ചെയ്തിരുന്നു.
അതിവേഗം റണ്‍സ് നേടാനുള്ള യശസ്വിയുടെ മികവാണ് ഇതിന് കാരണം. സെഞ്ചുറിക്ക് അരികെ നില്‍ക്കെ സിക്സ് അടിച്ച് സെഞ്ചുറി തികച്ച യശസ്വിയുടെ ശൈലിയും സെവാഗിനോടുള്ള താരതമ്യത്തിന് കാരണമായിരുന്നു. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറിയോടെയാണ് യശസ്വി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.
