ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറുമെന്ന അഭ്യൂഹങ്ങൾക്കിടെ, ടീമിനെ ടൂർണമെന്റിന് അയക്കണമെന്ന് മുൻ താരങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടു.
ദില്ലി: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ദേശീയ ടീം പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുൻ താരങ്ങളും മുൻ ബോർഡ് ഉദ്യോഗസ്ഥരും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് (പിസിബി) ആവശ്യപ്പെട്ടു. ബംഗ്ലാദേശിനുള്ള പിന്തുണ പാകിസ്ഥാന്റെ സ്വന്തം ക്രിക്കറ്റ് താൽപ്പര്യങ്ങളെയോ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായുള്ള (ഐസിസി) ബന്ധത്തെയോ ബാധിക്കരുതെന്നും അവർ പറഞ്ഞു. ബംഗ്ലാദേശ് ടി20 ലോകകപ്പിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ടൂർണമെന്റിൽ പങ്കെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പിസിബി മാറ്റിവച്ചിരുന്നു. വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ഈ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്ന് ചെയർമാൻ മൊഹ്‌സിൻ നഖ്‌വി അറിയിച്ചു. ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് പാകിസ്ഥാൻ ക്രിക്കറ്റിന് ദോഷകരമാകുമെന്നാണ് ഈ രംഗത്തെ പ്രമുഖരുടെ അഭിപ്രായം.
പാകിസ്ഥാൻ മുൻ ടെസ്റ്റ് ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ്, പിസിബി ടീമിനെ ലോകകപ്പിന് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. മുൻ പിസിബി ചെയർമാൻ ഖാലിദ് മഹമൂദും മുൻ സെക്രട്ടറി ആരിഫ് അലി അബ്ബാസിയും ഇതേ അഭിപ്രായം പങ്കുവെച്ചു. ബംഗ്ലാദേശിനെ പിന്തുണയ്ക്കുന്നത് മനസ്സിലാക്കാം. എന്നാൽ ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതിന് പിന്നിലെ യുക്തി എന്താണെന്നും അബ്ബാസി ചോദിച്ചു. പിന്മാറ്റ തീരുമാനത്തിന്റെ ആഘാതം പിസിബി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീലങ്കയുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ച് എന്താണ് പറയുന്നത്. പാകിസ്ഥാൻ പോയില്ലെങ്കിൽ ശ്രീലങ്കയ്ക്ക് നഷ്ടം സംഭവിക്കുമെന്ന് വ്യക്തമാണ്. ഇന്ത്യയുമായുള്ള മത്സരങ്ങൾ ഉൾപ്പെടെ ഞങ്ങളുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിനെ പിന്തുണയ്ക്കുന്നതിൽ പിസിബിയുടെ നിലപാട് പ്രശംസനീയമാണെന്ന് മഹമൂദ് വിശേഷിപ്പിച്ചു. എന്നാൽ പ്രായോഗികത നിലനിർത്താനും പാകിസ്ഥാൻ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബോർഡിനോട് ആവശ്യപ്പെട്ടു. പാകിസ്ഥാൻ ഒഴികെ മറ്റൊരു ക്രിക്കറ്റ് ബോർഡും ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തെ പിന്തുണച്ചിട്ടില്ലെന്ന് നമ്മൾ ഓർമ്മിക്കേണ്ടതുണ്ട്. ബംഗ്ലാദേശ് ബോർഡിന്റെ നിലപാട് എനിക്ക് മനസ്സിലാകും, പക്ഷേ ഐസിസി യോഗത്തിൽ ആരും അവരെ പിന്തുണച്ചില്ല എന്നതും ഒരു വസ്തുതയാണെന്ന് മഹമൂദ് പറഞ്ഞു. മുൻ ടെസ്റ്റ് ബാറ്റ്‌സ്മാനും മുൻ ചീഫ് സെലക്ടറും മുഖ്യ പരിശീലകനുമായ മൊഹ്‌സിൻ ഖാനും ദേശീയ ക്രിക്കറ്റിന് മുൻഗണന നൽകണമെന്ന് പിസിബിയോട് ആവശ്യപ്പെട്ടു.
