താരങ്ങൾക്ക് പരിക്കേറ്റ സാഹചര്യത്തിൽ ഏകദിന പരമ്പരക്കുള്ള ന്യൂസിലൻഡ് ടീമിലും മാറ്റം വരുത്തിയിട്ടുണ്ട്. അവസാന രണ്ട് മത്സരങ്ങളിലേക്ക് മാത്രം തിരഞ്ഞെടുത്തിരുന്ന ടിം സീഫെർട്ടിനെ പരമ്പരയിലെ മുഴുവൻ മത്സരങ്ങളിലും ഉൾപ്പെടുത്തി.

ഹാമില്‍ട്ടൺ: ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് ഓപ്പണർ രചിൻ രവീന്ദ്രയ്ക്കും മാർക്ക് ചാപ്‌മാനും ഏകദിന പരമ്പര പൂർണമായും നഷ്ടമാകും. തോളെല്ലിന് പരിക്കേറ്റ രചിൻ രവീന്ദ്ര ഫീൽഡിംഗിന് പൂർണ്ണ സജ്ജനല്ലാത്തതിനാലും, ഇടതുകാലിലെ ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് മുക്തനാകാൻ ചാപ്‌മാന് രണ്ടാഴ്ചത്തെ വിശ്രമം കൂടി വേണമെന്നതിനാലുമാണ് ഇരുവരെയും ഒഴിവാക്കാൻ ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ ബുധനാഴ്ച മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വെല്ലിംഗ്ടൺ, ഹാമിൽട്ടൺ, തൗരംഗ എന്നിവിടങ്ങളിലാണ് തുടർന്നുള്ള മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

താരങ്ങൾക്ക് പരിക്കേറ്റ സാഹചര്യത്തിൽ ഏകദിന പരമ്പരക്കുള്ള ന്യൂസിലൻഡ് ടീമിലും മാറ്റം വരുത്തിയിട്ടുണ്ട്. അവസാന രണ്ട് മത്സരങ്ങളിലേക്ക് മാത്രം തിരഞ്ഞെടുത്തിരുന്ന ടിം സീഫെർട്ടിനെ പരമ്പരയിലെ മുഴുവൻ മത്സരങ്ങളിലും ഉൾപ്പെടുത്തി. കൂടാതെ ആദ്യ മൂന്ന് മത്സരങ്ങൾക്കായി ഹെൻറി നിക്കോൾസിനെയും അവസാന രണ്ട് മത്സരങ്ങൾക്കായി ഡീൻ ഫോക്സ്ക്രോഫ്റ്റിനെയും ടീമിലേക്ക് വിളിച്ചിട്ടുണ്ട്. ഫോർഡ് ട്രോഫിയിൽ കാന്‍റർബറിക്ക് വേണ്ടി വെല്ലിംഗ്ടണിനെതിരെ നേടിയ 119 റൺസിന്‍റെ മികവിലാണ് നിക്കോൾസ് ടീമിൽ തിരിച്ചെത്തിയത്. പരിക്കിന്‍റെ പിടിയിലുള്ള പേസ് ബൗളർ മാറ്റ് ഹെൻറിയുടെ ഫിറ്റ്നസ് പരിശോധിച്ച ശേഷമായിരിക്കും പരമ്പരയില്‍ കളിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ടീമിന്‍റെ ബോളിംഗ് കരുത്ത് കൂട്ടാനായി മാറ്റ് ഫിഷറും മുഴുവൻ പരമ്പരയിലും തുടരും.

പ്രധാന കളിക്കാരുടെ സേവനം നഷ്ടപ്പെടുന്നത് നിരാശാജനകമാണെങ്കിലും അവരുടെ പൂർണ ഫിറ്റ്നസിനാണ് ബോർഡ് മുൻഗണന നൽകുന്നതെന്ന് ഹെഡ് കോച്ച് റോബ് വാൾട്ടർ പറഞ്ഞു. ഈ മാസം അവസാനം ഇന്ത്യയ്‌ക്കെതിരെ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര മുൻനിർത്തി രചിൻ രവീന്ദ്രയുടെ കാര്യത്തിൽ മുന്‍ കരുതലെന്ന നിലയിലാണ് ഏകദിന പരമ്പരയിൽ നിന്ന് മാറ്റിനിർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നടന്ന അഞ്ച് മത്സരങ്ങളുടെ ടി200 പരമ്പര 3-2 ന് സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ സംഘം ഏകദിന പോരാട്ടത്തിനിറങ്ങുന്നത്.

ആദ്യ മൂന്ന് മത്സരങ്ങൾക്കായി മിച്ച് സാന്‍റ്നർ നയിക്കുന്ന ടീമിൽ മൈക്കൽ ബ്രേസ്‌വെൽ, ഡെവോൺ കോൺവേ, ജേക്കബ് ഡഫി, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ടോം ലാഥം, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, ടിം സീഫെർട്ട്, നാഥൻ സ്മിത്ത്, വിൽ യംഗ്, ബ്ലെയർ ടിക്നർ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. അവസാന രണ്ട് മത്സരങ്ങളിൽ നിക്കോൾസിന് പകരം ഡീൻ ഫോക്സ്ക്രോഫ്റ്റും, ഫിൻ അല്ലെൻ, ക്രിസ്റ്റ്യൻ ക്ലാർക്ക്, മാറ്റ് ഫിഷർ, ലോക്കി ഫെർഗൂസൺ, മിച്ച് ഹേ, നിക്ക് കെല്ലി എന്നിവരും ടീമിന്‍റെ ഭാഗമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക