സഞ്ജു സാംസണെ ചെന്നൈയ്ക്ക് നൽകി പകരമായി രവീന്ദ്ര ജഡേജയ്ക്കൊപ്പമാണ് സാം കറൻ രാജസ്ഥാൻ നിരയിലെത്തിയത്.

മുംബൈ: ഐപിഎൽ പതിനെട്ടാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജസ്ഥാൻ റോയൽസിന് വമ്പൻ പ്രഹരം. സ്റ്റാർ ഓൾറൗണ്ടർ സാം കറൻ അരക്കെട്ടിനേറ്റ പരിക്കിനെത്തുടർന്ന് ടൂർണമെന്‍റിൽ നിന്ന് പൂർണ്ണമായും പുറത്തായി. കഴിഞ്ഞ നവംബറിൽ ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്നാണ് സാം കറൻ രാജസ്ഥാനിലെത്തിയത്. മാർച്ച് 5-ന് നടന്ന ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെയാണ് സാം കറൻ അവസാനമായി കളിച്ചത്. ലോകകപ്പിന് പിന്നാലെ റിപ്പോർട്ട് ചെയ്യപ്പെട്ട പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പിന്മാറ്റം.

Add Asianetnews as a Preferred SourcegooglePreferred

സഞ്ജു സാംസണെ ചെന്നൈയ്ക്ക് നൽകി പകരമായി രവീന്ദ്ര ജഡേജയ്ക്കൊപ്പമാണ് സാം കറൻ രാജസ്ഥാൻ നിരയിലെത്തിയത്. സഞ്ജുവിന്‍റെ വിടവ് നികത്താൻ സാം കറന്‍റെ ഓൾറൗണ്ട് പ്രകടനം സഹായിക്കുമെന്ന് കരുതിയ ആരാധകർക്ക് വലിയ നിരാശയാണ് ഇംഗ്ലീഷ് താരത്തിന്‍റെ പിന്‍മാറ്റം നല്‍കുന്നത്. 2019-ൽ പഞ്ചാബ് കിംഗ്‌സിലൂടെ ഐപിഎല്ലിൽ അരങ്ങേറിയ താരം പിന്നീട് ചെന്നൈയിലും വീണ്ടും പഞ്ചാബിലും കളിച്ചു. താരലേലത്തില്‍ 18.5 കോടി രൂപയ്ക്ക് പഞ്ചാബ് ടീമിലെത്തി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമെന്ന റെക്കോർഡും മുമ്പ് സാം കറൻ സ്വന്തമാക്കിയിരുന്നു.

സാം കറന്‍റെ പകരക്കാരനെ രാജസ്ഥാൻ റോയല്‍സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഡൽഹി ക്യാപിറ്റൽസിൽ നിന്ന് ട്രേഡിലൂടെ ടീമിലെത്തിച്ച ദക്ഷിണാഫ്രിക്കൻ താരം ഡൊണോവൻ ഫെരേരയെ പരീക്ഷണാടിസ്ഥാനത്തിൽ മധ്യനിരയിൽ ഇറക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. മികച്ച പവർ ഹിറ്ററായ ഫെരേര ഓഫ് സ്പിറും കൂടിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക