Asianet News MalayalamAsianet News Malayalam

രഹാനെ മടങ്ങി, മായങ്കിന് ഇരട്ട സെഞ്ചുറി; ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയിലും ഇരട്ട സെഞ്ചുറി സ്വന്തമാക്കി മായങ്ക് അഗര്‍വാള്‍. ഇന്‍ഡോറില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലാണ് മായങ്ക് ഇരട്ട സെഞ്ചുറി നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും മായങ്ക് ഇരട്ട സെഞ്ചുറി സ്വന്തമാക്കിയിരുന്നു.

double hudred for mayank agarwal and india into huge lead
Author
Indore, First Published Nov 15, 2019, 4:04 PM IST

ഇന്‍ഡോര്‍: തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയിലും ഇരട്ട സെഞ്ചുറി സ്വന്തമാക്കി മായങ്ക് അഗര്‍വാള്‍. ഇന്‍ഡോറില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലാണ് മായങ്ക് ഇരട്ട സെഞ്ചുറി നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും മായങ്ക് ഇരട്ട സെഞ്ചുറി സ്വന്തമാക്കിയിരുന്നു. മായങ്കിന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സെടുത്തിട്ടുണ്ട് 218 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇതുവരെ സ്വന്തമാക്കിയത്.

അഞ്ച് സിക്‌സും 25 ഫോറും അടങ്ങുന്നതാണ് മായങ്കിന്റെ ഇന്നിങ്‌സ്. മെഹ്ദി ഹസനെതിരെ സിക്‌സ് നേടിയാണ് മായങ്ക് ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 86 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയുടെ വിക്കറ്റ് മാത്രമാണ് മൂന്നാം സെഷനില്‍ ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അബു ജായേദിന് തന്നെയായിരുന്നു രഹാനെയുടെ വിക്കറ്റും. 190 റണ്‍സ് ഇരുവരും ഇന്ത്യന്‍ സ്‌കോറിനൊപ്പം കൂട്ടിച്ചേര്‍ത്തു. ജഡേജയാണ് (12) മായങ്കിനൊപ്പം ക്രീസിലുള്ളത്. 

രണ്ടാംദിനം ആദ്യ സെഷനില്‍ ഇന്ത്യക്ക് ചേതേശ്വര്‍ പൂജാര (54), വിരാട് കോലി (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. രോഹിത് ശര്‍മ (6) ആദ്യദിനം മടങ്ങിയിരുന്നു. പൂജാരയും കോലിയും അബു ജായേദിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. സെയ്ഫ് ഹസ്സന് ക്യാച്ച് നല്‍കിയാണ് പൂജാര മടങ്ങിയത്. കോലിക്കാവട്ടെ രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. ജായേദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രോഹിത് ശര്‍മയുടെ വിക്കറ്റും ജായേദാണ് നേടിയിരുന്നത്. 

നേരത്തെ ടോസിലെ ഭാഗ്യം കനിഞ്ഞിട്ടും അത് മുതലാക്കാന്‍ ബംഗ്ലാദേശിനായില്ല. 58.3 ഓവറില്‍ 150 റണ്‍സിന് ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചു. മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമി തിളങ്ങിയപ്പോള്‍ ഇഷാന്ത് ശര്‍മ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ബംഗ്ലാദേശിന്റെ തകര്‍ച്ച വേഗത്തിലാക്കി. 43 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

ആദ്യ സെഷനില്‍ തന്നെ ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുല്‍ കയേസ് (6), മുഹമ്മദ് മിഥുന്‍ (13) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. ആറാം ഓവറില്‍ തന്നെ കയേസിനെ ഉമേഷ് യാദവ് സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ ഇസ്ലാം മടങ്ങി. ഇഷാന്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച്. മിഥുന്‍ ആവട്ടെ ഷമിയുടെ പേസിന് മുന്നില്‍ മുട്ടുമടക്കി.

മൊമിനുള്‍ ഹഖ് (37), മുഷ്ഫിഖര്‍ റഹീം (43), മഹ്മുദുള്ള (10), മെഹ്ദി ഹസന്‍ (0) എന്നിവര്‍ രണ്ടാം സെഷനിലും മടങ്ങി. മൊമിനുള്‍ ഹഖിനെയും മഹ്മുദുള്ളയേയും അശ്വിന്‍ ബൗള്‍ഡാക്കുകയായിരുന്നു. ചായക്ക് തൊട്ടുമുമ്പ് മുഷ്ഫിഖറിനേയും മെഹ്ദി ഹസനേയും അടുത്തടുത്ത പന്തുകളില്‍ മടക്കി തിരിച്ചുവരാമെന്ന ബംഗ്ലാ പ്രതീക്ഷകള്‍ ഷമി തകര്‍ത്തു. മൂന്നാം സെഷനിലെ ആദ്യ ഓവറില്‍ ആദ്യ പന്തില്‍ തന്നെ ലിറ്റണ്‍ ദാസിനെ (21) മടക്കി ഇഷാന്തും മികവ് കാട്ടിയതോടെ പൊരുതാനുള്ള സ്‌കോര്‍ പോലും ബംഗ്ലാദേശിന് അപ്രാപ്യമായി. പിന്നാലെ തയ്ജുല്‍ ഇസ്ലാം റണ്ണൗട്ടായി. ഇബാദത്ത് ഹുസൈനെ ഉമേഷ് ബൗള്‍ഡാക്കിയതോടെ ബംഗ്ലാദേശ് ഇന്നിംഗ്‌സിന് അവസാനമായി.

രണ്ട് വിക്കറ്റ് നേടിയതോടെ ഇന്ത്യയില്‍ മാത്രം 250 വിക്കറ്റുകളെന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കി. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കൊല്‍ക്കത്തയില്‍ പകലും രാത്രിയുമായിട്ടാണ് രണ്ടാം ടെസ്റ്റ്. ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios