രഞ്ജി ട്രോഫിയിൽ ഉർവിൽ പട്ടേലിന്റെ ഇരട്ട സെഞ്ച്വറി മികവിൽ ഗുജറാത്ത് 534 റൺസിന് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം 74 റൺസെന്ന നിലയിലാണ്.

അഹമ്മദാബാദ്: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ബാറ്റ് ചെയ്യാനിറങ്ങിയ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 74 റണ്‍സെന്ന നിലയിലാണ് കേരളം. നേരത്തെ ഒന്‍പത് വിക്കറ്റിന് 534 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഗുജറാത്ത്. ഇരട്ട സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഉര്‍വില്‍ പട്ടേലിന്റെ ഇന്നിങ്‌സാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

അഞ്ച് വിക്കറ്റിന് 300 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ ഗുജറാത്തിന് വേണ്ടി ഉര്‍വില്‍ പട്ടേലും വിശാല്‍ ജയ്‌സ്വാളും ചേര്‍ന്ന് അനായാസം ഇന്നിങ്‌സ് മുന്നോട്ടുനീക്കി. ഇരുവരും ചേര്‍ന്ന് 68 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ ഉര്‍വില്‍ പട്ടേല്‍ സെഞ്ച്വറി തികച്ചു. ആദിത്യ സര്‍വാടെയുടെ ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും പറത്തിയാണ് ഉര്‍വില്‍ 91 പന്തില്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സ്‌കോര്‍ 368ല്‍ നില്‍ക്കെ 77 റണ്‍സെടുത്ത വിശാല്‍ ജയ്‌സ്വാള്‍ റണ്ണൗട്ടായി. പകരമെത്തിയ ചിന്തന്‍ ഗജ (1) എന്‍.പി. ബേസിലിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യുവില്‍ കുടുങ്ങി.

എന്നാല്‍, എട്ടാം വിക്കറ്റില്‍ ഉര്‍വില്‍ പട്ടേലും അമിത് ദേശായിയും ചേര്‍ന്ന് 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 36 റണ്‍സെടുത്ത അമിതിനെ പുറത്താക്കി ആദിത്യ സര്‍വാടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടര്‍ന്നെത്തിയ സിദ്ധാര്‍ത്ഥ് ദേശായിയും ഉര്‍വിലിന് മികച്ച പിന്തുണയായി. ഉര്‍വില്‍ തകര്‍ത്തടിച്ച് ഇരട്ട സെഞ്ച്വറിയിലേക്ക് മുന്നേറിയപ്പോള്‍ മറുവശത്ത് വിക്കറ്റ് നഷ്ടപ്പെടുത്താതെ സിദ്ധാര്‍ത്ഥ് ഉറച്ചുനിന്നു. ഇരുവരും ചേര്‍ന്ന 82 റണ്‍സ് കൂട്ടുകെട്ടില്‍ 18 റണ്‍സ് മാത്രമായിരുന്നു സിദ്ധാര്‍ത്ഥിന്റെ സമ്പാദ്യം. സിദ്ധാര്‍ത്ഥ് പുറത്തായതോടെ ഗുജറാത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 210 റണ്‍സുമായി ഉര്‍വില്‍ പട്ടേല്‍ പുറത്താകാതെ നിന്നു. 227 പന്തുകളില്‍ 17 ഫോറും ആറ് സിക്‌സും അടക്കമാണ് ഉര്‍വില്‍ 210 റണ്‍സെടുത്തത്. കേരളത്തിന് വേണ്ടി എന്‍.പി. ബേസില്‍ മൂന്നും ആദിത്യ സര്‍വാടെ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. 11 റണ്‍സെടുത്ത രോഹന്‍, അര്‍സാന്‍ നഗ്വാസ്വെല്ലയുടെ പന്തില്‍ സരള്‍ പ്രജാപതി ക്യാച്ചെടുത്താണ് പുറത്തായത്. 10 റണ്‍സെടുത്ത അഭിഷേക് പി. നായരെയും അര്‍സാന്‍ തന്നെ മടക്കി. തുടര്‍ന്നെത്തിയ വരുണ്‍ നായനാര്‍ 17 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍, നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ വിഷ്ണു വിനോദും സച്ചിന്‍ ബേബിയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചു. കളി നിര്‍ത്തുമ്പോള്‍ വിഷ്ണു വിനോദ് 21 ഉം സച്ചിന്‍ ബേബി 14 ഉം റണ്‍സുമായി ക്രീസിലുണ്ട്.

YouTube video player