അക്കാദമിക്കായി പ്രത്യേക ബൗളിംഗ് പദ്ധതി ആവിഷ്കരിക്കാനും സ്പെഷലിസ്റ്റ് ബൗളിംഗ് പരിശീലകന്റെ സേവനം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമെ ഒരു ന്യൂട്രീഷന്റെ സേവനം ഉറപ്പു വരുത്താനും അക്കാദമിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി ഒരു സോഷ്യല്‍ മീഡിയ മാനേജരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ബംഗലൂരു: ദേശീയ ക്രിക്കറ്റ് അക്കാദമി പ്രഫഷണലാക്കാനൊരുങ്ങി അക്കാദമദി തലവന്‍ രാഹുല്‍ ദ്രാവിഡും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തീരുമാനം. പ്രത്യേക മെഡിക്കല്‍ സംഘവും ഡാറ്റാ അനലിസ്റ്റിന്റെ സേവനവും സ്പെഷലിസ്റ്റ് ബൗളിംഗ് പരിശീലകന്റെ സേവനവും അക്കാദമിക്ക് ഉടന്‍ ലഭ്യമാകും.

മെഡിക്കല്‍ പാനലില്‍ ലണ്ടനിലെ ഫോര്‍ട്ടിസ് ക്ലിനിക്കിനെയും ഭാഗമാക്കും. ഇതിനായി ഫോര്‍ട്ടിസ് ക്ലിനിക്കുമായി ആശയവിനിമയം നടത്താനും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാനും ബിസിസിഐ നടപടി ആരംഭിച്ചിട്ടുണ്ട്. അക്കാദമിക്കായി പ്രത്യേക ബൗളിംഗ് പദ്ധതി ആവിഷ്കരിക്കാനും സ്പെഷലിസ്റ്റ് ബൗളിംഗ് പരിശീലകന്റെ സേവനം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമെ ഒരു ന്യൂട്രീഷന്റെ സേവനം ഉറപ്പു വരുത്താനും അക്കാദമിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി ഒരു സോഷ്യല്‍ മീഡിയ മാനേജരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം 26ന് മുംബൈയില്‍ ബിസിസിഐ ആസ്ഥാനത്ത് ഗാംഗുലിയും ദ്രാവിഡും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍. പരിക്കേറ്റ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നതിന് മുമ്പ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി കായികക്ഷമത തെളിയിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇത്തരത്തില്‍ പരിശീലനം നടത്തുന്ന താരങ്ങള്‍ വീണ്ടും പരിക്കിന്റെ പിടിയിലാവുന്നത് അക്കാദമിക്കെതിരെ താരങ്ങള്‍ തിരിയുന്നതിന് കാരണമായിരുന്നു.

പരിക്കേറ്റ ജസ്പ്രീത് ബുമ്ര ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നതിന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകാന്‍ വിസമ്മതിച്ചതും വിവാദമായിരുന്നു. അക്കാദമിയില്‍ കായികക്ഷമത തെളിയിച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാറിന് രണ്ട് മത്സരം കളിച്ചപ്പോഴേക്കും വീണ്ടും പരിക്കിന്റെ പിടിയിലായതും അക്കാദമിയിലെ സൗകര്യങ്ങളെക്കുറിച്ച് ആരോപണങ്ങള്‍ക്ക് കാരണമായി.