ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ 25834 റണ്‍സുമായി ഇതിഹാസ താരം സുനില്‍ ഗവാസ്കറാണ് തലപ്പത്ത്

ബെംഗളൂരു: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി ഫോം കണ്ടെത്തിയ ചേതേശ്വർ പൂജാരയ്ക്ക് നാഴികക്കല്ല്. ഏറ്റവും കൂടുതല്‍ ഫസ്റ്റ് ക്ലാസ് റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ആഭ്യന്തര ക്രിക്കറ്റ് ഇതിഹാസം വസീം ജാഫറിനെ പിന്തള്ളി പൂജാര അഞ്ചാമതെത്തി. ദുലീപ് ട്രോഫിയില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള ഫൈനലില്‍ വെസ്റ്റിനായി ആറ് റണ്‍സ് നേടിയതോടെയാണ് പൂജാരയെ തേടി നേട്ടമെത്തിയത്. 19405 റണ്‍സുമായി ക്രീസിലെത്തിയ പൂജാര 19410 റണ്‍സുള്ള ജാഫറിനെ പിന്നിലാക്കുകയായിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ 25834 റണ്‍സുമായി ഇതിഹാസ താരം സുനില്‍ ഗവാസ്കറാണ് തലപ്പത്ത്. 25396 റണ്‍സുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കർ രണ്ടും 23749 റണ്‍സുമായി വന്‍മതില്‍ രാഹുല്‍ ദ്രാവിഡും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 19730 റണ്‍സുള്ള വിവിഎസ് ലക്ഷ്മണാണ് നാലാമത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പൂജാരയ്ക്ക് ഇതിനകം 60 സെഞ്ചുറികളുണ്ട്. സെമിയില്‍ സെന്‍ട്രല്‍ സോണിനെതിരെയായിരുന്നു അറുപതാം ശതകം. 

ദുലീപ് ട്രോഫിയുടെ ഫൈനലില്‍ സൗത്ത് സോണിന്‍റെ 213 റണ്‍സ് പിന്തുടരുന്ന വെസ്റ്റ് സോണ്‍ 38 ഓവറില്‍ 119-5 എന്ന സ്കോറില്‍ നില്‍ക്കേ രണ്ടാം ദിനം വെളിച്ചക്കുറവ് കളി തടസപ്പെടുത്തിയിരിക്കുകയാണ്. 25 പന്തില്‍ 7* റണ്‍സുമായി ചേതേശ്വർ പൂജാരയും 2 പന്തില്‍ 2* റണ്‍സുമായി അതിദ് ഷേതുമാണ് ക്രീസില്‍. പൃഥ്വി ഷാ 101 പന്തില്‍ 65 ഉം, പ്രിയങ്ക് പാഞ്ചല്‍ 29 പന്തില്‍ 11 ഉം, ഹാർവിക് ദേശായി 61 പന്തില്‍ 21 ഉം, സൂര്യകുമാർ യാദവ് 6 പന്തില്‍ 8 ഉം, സർഫറാസ് ഖാന്‍ 6 പന്തില്‍ 8 ഉം റണ്‍സുമായി പുറത്തായി. നേരത്തെ 130 പന്തില്‍ 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹനുമ വിഹാരിയാണ് സൗത്ത് സോണിന്‍റെ ടോപ് സ്കോറർ.

Read more: ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായി സെഞ്ചുറിയുമായി തിരിച്ചുവന്നു; റെക്കോ‍ര്‍ഡിട്ട് പൂജാര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം