270 പന്തുകളിൽ നിന്നാണ് കിഷൻ 200 റൺസ് തികച്ചത്. 25 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു കിഷന്‍റെ ഇന്നിങ്സ്.

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത് വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കിഷൻ തന്‍റെ ഫസ്റ്റ് ക്ലാസ് കരിയറിലെ രണ്ടാമത്തെ ഇരട്ട സെഞ്ചുറി തികച്ചു. 270 പന്തുകളിൽ നിന്നാണ് കിഷൻ 200 റൺസ് തികച്ചത്. 25 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു കിഷന്‍റെ ഇന്നിങ്സ്. 2016/17 രഞ്ജി ട്രോഫി സീസണിൽ ഡൽഹിക്കെതിരെ 273 റൺസ് നേടിയതായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇഷാന്‍റെ ഇതിന് മുമ്പത്തെ മികച്ച സ്കോർ. ദുലീപ് ട്രോഫിയിൽ 2024-ൽ നേടിയ 111 റൺസായിരുന്നു ഇതിന് മുൻപുള്ള ഉയർന്ന സ്കോർ.

ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനായി ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് ഇഷാൻ കിഷൻ. അരുൺ ലാൽ (1986-87ൽ രണ്ട് ഇരട്ട സെഞ്ചുറികൾ), സബാ കരീം (1995-96) എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച ഈസ്റ്റ് സോൺ താരങ്ങൾ. ഇതുകൂടാതെ, ദുലീപ് ട്രോഫി ഫൈനലിൽ ഇരട്ട സെഞ്ചുറി നേടുന്ന ആറാമത്തെ മാത്രം ബാറ്ററെന്ന അപൂർവ്വ നേട്ടവും ഇഷാൻ സ്വന്തമാക്കി. രാമൻ ലാംബ, യശസ്വി ജയ്‌സ്വാൾ, ചേതേശ്വർ പൂജാര, അൻഷുമാൻ ഗെയ്ക്‌വാദ്, യൂസഫ് പത്താൻ എന്നിവരാണ് ഫൈനലിൽ മുമ്പ് ഇരട്ട സെഞ്ചുറി നേടിയിട്ടുള്ള മറ്റ് താരങ്ങൾ.

ഇഷാന്‍ കിഷന്‍റെ ഇരട്ട സെഞ്ചുറിയുടെയും കുമാര്‍ കുഷാഗ്രയുടെ സെഞ്ചുറിയുടെയും(102) മികവില്‍ സൗത്ത് സോണിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഈസ്റ്റ് സോണ്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 631 റണ്‍സെന്ന ശക്തമായ നിലയിലാണ്. 250 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. നേരത്തെ അഭിമന്യു ഈശ്വരൻ(72), ഷിഖര്‍ മോഹന്‍(85) എന്നിവരും ഈസ്റ്റ് സോണിനായി ബാറ്റിംഗില്‍ തിളങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക