ദുലീപ് ട്രോഫിക്കായി ആന്ധ്രയിലെ അനന്ത്പൂര്‍ വേദിയായി തെരഞ്ഞെടുത്തതിന് പിന്നിൽ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ
ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ മുന്‍നിര പേസര്‍മാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലുണ്ടാുമെന്ന് ഉറപ്പാണ്.
ഹൈദരാബാദ്: ഈ ആഴ്ച ആരംഭിക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്‍റിനായി ആന്ധ്രയയിലെ അനന്ത്പൂര്‍ വേദിയായി തെരഞ്ഞെടുത്തതിന് പിന്നില്‍ ബിസിസിഐയുടെ പ്രത്യേക താല്‍പര്യമെന്ന് സൂചന. ഈ മാസം അഞ്ചിന് ഇന്ത്യ സിയും ഇന്ത്യ ഡിയും തമ്മിലുള്ള മത്സരത്തോടെയാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്‍റ് തുടങ്ങുന്നത്. അനന്ത്പൂരിന് പുറമെ ബെംഗലൂരുവിലെ ചിന്നസ്വമി സ്റ്റേഡിയവും മത്സരങ്ങള്‍ക്ക് വേദിയാവുന്നുണ്ട്.
അന്ത്പൂരിലെ പേസും ബൗണ്‍സുമുള്ള വിക്കറ്റില്‍ കളിക്കുന്നത് ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യൻ താരങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കണ്ടാണ് ബിസിസിഐ വേദികള്‍ നിശ്ചയിച്ചത്. അനന്ത്പൂരില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ പേസര്‍മാര്‍ 15 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ സ്പിന്നര്‍മാര്‍ ഒരേയൊരു തവണ മാത്രമാണ് അഞ്ച് വിക്കറ്റ് നേടിയത്. 2006ല്‍ കെ ജെ അപ്പണ്ണയാണ് അനന്ത്പൂരില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ഏക സ്പിന്നര്‍.
ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ മുന്‍നിര പേസര്‍മാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലുണ്ടാുമെന്ന് ഉറപ്പാണ്. ഇവര്‍ക്കൊപ്പം പറ്റിയ പകരക്കാരെ കണ്ടെത്തുക എന്നത് കൂടി പേസും ബൗണ്‍സുമുള്ള വിക്കറ്റില്‍ മത്സരങ്ങള്‍ വെച്ചതിന്‍റെ ലക്ഷ്യമാണ്.
ഇന്ത്യയിലെ തന്നെ മികച്ച പേസും ബൗണ്‍സുമുള്ള വിക്കറ്റുകളിലൊന്നാണ് അനന്ത്പൂര്‍. 2018ല്‍ രഞ്ജി ട്രോഫി പ്ലേറ്റ് ലീഗ് മത്സരമൊഴിച്ചാല്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെ പ്രധാന ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ക്കൊന്നും അനന്തപൂര്‍ വേദിയായിട്ടില്ല. 2004നും 12013നും ഇടയില്‍ നടന്ന 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 345 വിക്കറ്റുകള്‍ സ്വന്തമാക്കിയത് പേസര്‍മരായിരുന്നു. 96 വിക്കറ്റുകളാണ സ്പിന്നര്‍മാര്‍ നേടിയത്. നാലു തവണ മാത്രമാണ് ടീമുകള്‍ 400ന് മുകളില്‍ സ്കോര്‍ ചെയ്തത്. ലോകത്തിലെ ഏറ്റവും വേഗവും ബൗണ്‍സുമുള്ള പിച്ചുകളെന്ന് വിശേഷണമുള്ള ഓസ്ട്രേലിയയിലെ പെര്‍ത്തിന്‍റെയും അഡ്‌ലെയ്ഡ് ഓവലിന്‍റെയും മാതൃകയാണ് അനന്ത്പൂരിലും പിന്തുടരുന്നത്. പെര്‍ത്തിലെയും അഡ്‌ലെയ്ഡിലെയും പോലെ കറുത്ത മണ്ണുകൊണ്ടുള്ള പിച്ചുകളാണ് അനന്ത്പൂരിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക