പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ടി20 ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ. കുട്ടിക്രിക്കറ്റില്‍ 500 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ താരമായിരിക്കുകയാണ് ബ്രാവോ. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിച്ചുകൊണ്ടിരിക്കെയാണ് ബ്രാവോയെ തേടി നേട്ടമെത്തിയത്. ഇന്ന് സെന്റ് ലൂസിയ സൂക്ക്‌സിനെതിരായ മത്സരത്തില്‍ റഖീം കോണ്‍വാളിനെ പുറത്താക്കിയാണ് ബ്രാവോ 500 വിക്കറ്റ് ആഘോഷിച്ചത്.

ശ്രീലങ്കന്‍ ടി20 ക്യാപ്റ്റന്‍ ലസിത് മലിംഗയാണ് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങുടെ പട്ടികയില്‍ രണ്ടാമത്. 295 മത്സരങ്ങളില്‍ നിന്ന് 390 വിക്കറ്റാണ് മലിംഗ വീഴ്ത്തിയത്. വിന്‍ഡീസന്റെ തന്നെ സുനില്‍ നരൈന്‍ മൂന്നാം സ്ഥാനത്തുണ്ട്. 339 മത്സരങ്ങളില്‍ നിന്ന് 383 വിക്കറ്റാണ് നരൈന്‍ വീഴ്ത്തിയത്. ഇമ്രാന്‍ താഹിര്‍ 295 മത്സരങ്ങളില്‍ 374 വിക്കറ്റുമായി നാലാമതും സൊഹൈല്‍ തന്‍വീര്‍ 339 മത്സരങ്ങളില്‍ 356 വിക്കറ്റുമായി അഞ്ചാമതുമുണ്ട്. ആദ്യ ഇരുപതിലുളള ഏക ഇന്ത്യക്കാരന്‍ അമിത് മിശ്രയാണ്. 229 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മിശ്ര 253 വിക്കറ്റുകള്‍ നേടി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം പിയൂഷ് ചൗളയുടെ അക്കൗണ്ടില്‍ 251 വിക്കറ്റുകളുണ്ട്.

459ാം ടി20 മത്സരത്തിലാണ് ബ്രോവോ ചരിത്രത്തിലിടം നേടിയത്. വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ താരം കളിക്കുന്നുണ്ട്. 2006ലായിരുന്നു താരത്തിന്റെ ആദ്യ ടി20 മത്സരം. പിന്നീട് വിവിധ ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി കളിച്ചാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ മാന്ത്രിക സംഖ്യയിലെത്തിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും ബ്രോവോ കളിച്ചു. 2008ല്‍ മുംബൈ  ഇന്ത്യന്‍സിന് വേണ്ടിയായിരുന്നു ഐപിഎല്‍ അരങ്ങേറ്റം. ബിഗ് ബാഷില്‍ സിഡ്‌നി സിക്‌സേഴ്‌സ്, മെല്‍ബണ്‍ സ്റ്റാര്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും താരം കളിച്ചിരുന്നു. ഐപിഎല്ലില്‍ മാത്രം 147 മത്സരങ്ങളില്‍ നിന്ന് താരം 147 വിക്കറ്റുകള്‍ സ്വന്തമാക്കി. 122 മത്സരങ്ങളില്‍ 170 വിക്കറ്റ് നേടിയ മലിംഗയാണ് ഒന്നാമത്. 

2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും അധികം വൈകാതെ തീരുമാനം മാറ്റി. 2019 ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ടി20 ക്രിക്കറ്റില്‍ മാത്രം കളിക്കുമെന്ന് താരം പ്രഖ്യാപിക്കുകയായിരുന്നു.