ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിഎന്നില്‍ എപ്പോഴും വിശ്വാസം കാണിക്കാറുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് വെറ്ററന്‍ താരം ഡ്വെയ്ന്‍ ബ്രാവോ. ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ബ്രാവോ. കഴിഞ്ഞ സീസണുകളില്‍ ചെന്നൈയുടെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ബ്രാവോ.

ബ്രാവോ തുടര്‍ന്നു... ''ഒരുമിച്ച് കളിക്കുമ്പോള്‍ ധോണി എപ്പോഴും എന്നെ വിശ്വസിച്ചിരുന്നു. കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗും അങ്ങനെതന്നെ. എനിക്ക് വേണ്ടത്ര സ്വാതന്ത്ര്യം അവര്‍ തന്നിരുന്നു. ഡെത്ത് ഓവറുകളില്‍ പന്തെറിയാന്‍ പലപ്പോഴും എന്നെയാണ് ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ലോകോത്തര താരങ്ങള്‍ക്കെതിരെ പന്തെറിയുമ്പോള്‍ എപ്പോഴും മികച്ച ഫലം കിട്ടണമെന്നില്ല. എന്നാല്‍ എന്റെ കഴിവില്‍ എനിക്കും അവര്‍ക്കും വിശ്വാസമുണ്ടായിരുന്നു.

സിഎസ്‌കെ ഒരു ഫ്രാഞ്ചൈസി മാത്രമല്ല. അതൊരു കുടുംബമാണ്. ടീമിനൊപ്പം ചേര്‍ന്ന താരങ്ങള്‍ക്കെല്ലാം പോസിറ്റീവായ മാറ്റം മാത്രമാണ് ഉണ്ടായിട്ടുള്ളത്.'' ബ്രാവോ പറഞ്ഞുനിര്‍ത്തി.