ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയത്തിനായി ഈസ്റ്റ് ബംഗാള്‍ ഇന്നിറങ്ങും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. പുതിയ പ്രതീക്ഷകളുമായി ഐ എസ് എല്ലില്‍ അരങ്ങേറ്റം കുറിച്ച ഈസ്റ്റ് ബംഗാളിന് ഇതുവരെ നിരാശമാത്രമാണ് ബാക്കി. കൊല്‍ക്കത്ത ഡാര്‍ബിയില്‍ എടികെ മോഹന്‍ ബഗാനോട് രണ്ട് ഗോളിന് തോറ്റ് തുടങ്ങിയ ഈസ്റ്റ് ബംഗാള്‍ മുംബൈ സിറ്റിയോട് മൂന്ന് ഗോളിനും വീണു. 

പ്രീ സീസണ്‍ ക്യാന്പും ഒരുക്കങ്ങളുമില്ലാതെ ഇറങ്ങേണ്ടിവന്ന ഈസ്റ്റ് ബംഗാളിന് ഒത്തിണക്കവും താളവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനൊപ്പം ക്യാപ്റ്റന്‍ ഡാനി ഫോക്‌സിന്റെ പരിക്ക് ഇരട്ടപ്രഹരമായി. ആന്തണി പില്‍കിംഗ്ടണ്‍, ജാക്വസ് മാഖോമ, ബല്‍വന്ദ് സിംഗ് എന്നിവര്‍ മുന്നേറ്റനിരയില്‍ മങ്ങിയതോടെ സ്‌കോറര്‍മാരുടെ പട്ടികയില്‍ ഈസ്റ്റ് ബംഗാള്‍ സാന്നിധ്യമില്ല. 

മലയാളിതാരം സികെ വിനീത്, യൂജിന്‍സണ്‍ ലിംഗ്‌ദോ, ബികാഷ് ജെയ്‌റു എന്നിവര്‍ക്ക് കോച്ച് റോബി ഫ്‌ലവര്‍ അവസരം നല്‍കിയിട്ടുമില്ല. യുവപരിശീലകന്‍ ജെറാര്‍ഡ് നസ്സിന് കീഴിലിറങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സെറ്റായിക്കഴിഞ്ഞു. മൂന്ന് കളിയില്‍ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റാണ് സമ്പാദ്യം. യുവതാരങ്ങള്‍ക്കൊപ്പം ക്വസി അപ്പിയ, ഇഡ്രിസ സില്ല എന്നിവരുടെ സ്‌കോറിംഗ് മികവിനെയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഉറ്റുനോക്കുന്നത്.