ഏകദിന ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരമെന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ച 1999 ഏകദിന ലോകകപ്പിലെ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ സെമി പോരാട്ടം നടന്നത് എഡ്ജ്ബാസ്റ്റണിലായിരുന്നു. ടൈ ആയ മത്സരത്തിനൊടുവില്‍ ഗ്രൂപ്പ് ഘട്ടത്തിലെ വിജയത്തിന്റെ പിന്‍ബലത്തില്‍ ഓസീസ് ഫൈനലിലെത്തി.

എഡ്ജ്ബാസ്റ്റണ്‍: ഏകദിന ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായ1999 ഏകദിന ലോകകപ്പിലെ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക സെമി പോരാട്ടത്തിന് വേദിയായ ഇംഗ്ലണ്ടിലെ എ‍ഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ഗ്രൌണ്ട് ഇനി കൊവിഡ് പരിശോധനാ കേന്ദ്രം. വാര്‍വിക് ഷെയര്‍ കൌണ്ടി ക്രിക്കറ്റ് ക്ലബ്ബാണ് എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ഗ്രൌണ്ട് കൊവിഡ് പരിശോധനാ കേന്ദ്രമാക്കുന്നതിനായി ബ്രിട്ടനിലെ ആരോഗ്യമന്ത്രാലയത്തിന്(നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ്) വിട്ടുകൊടുത്തത്. 

സ്റ്റേഡിയത്തിലെ കാര്‍ പാര്‍ക്കിംഗ് കേന്ദ്രത്തിലാവും ബര്‍മിംഗ്ഹാമിലും പടിഞ്ഞാറന്‍ മിഡ് ലാന്‍ഡിലും കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ കൊവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കുക. നേരത്തെ ചരിത്രപ്രസിദ്ധമായ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൌണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഉപകരണങ്ങള്‍ സ്റ്റോര്‍ ചെയ്യുന്നതിനുമായി മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് വിട്ടുകൊടുത്തിരുന്നു.

കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ഇംഗ്ലണ്ടില്‍ കൌണ്ടി ക്രിക്കറ്റ് അടക്കം മെയ് 29വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബ്രിട്ടനില്‍ ഇതുവരെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെ 33000 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. 3000ത്തോളം പേര്‍ ഇതുവരെ മരിച്ചു.