ആംബറിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു എമറാള്‍ഡിന്റെ വിജയം.

തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്‌സ് വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വിജയവുമായി എമറാള്‍ഡ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ആംബറിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു എമറാള്‍ഡിന്റെ വിജയം. മറ്റൊരു മത്സത്തില്‍ പേള്‍സ് റൂബിയെ ആറ് റണ്‍സിന് തോല്‍പ്പിച്ചു. റൂബിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പേള്‍സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് എടുത്തത്. ക്യാപ്റ്റന്‍ ഷാനിയും ശ്രദ്ധ സുമേഷും ചേര്‍ന്ന 72 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പേള്‍സിന്റെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. 

ഷാനി 37ഉം ശ്രദ്ധ 43ഉം റണ്‍സെടുത്തു. റൂബിക്ക് വേണ്ടി കിരണ്‍ ജോസ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബിക്ക് വേണ്ടി ഓപ്പണര്‍ അഷിമ ആന്റണി മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. അഷിമ 31 റണ്‍സെടുത്തപ്പോള്‍, മറ്റ് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ മടങ്ങി. ഒടുവില്‍ റൂബിയുടെ മറുപടി 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സില്‍ അവസാനിച്ചു.ടൂര്‍ണ്ണമെന്റില്‍ റൂബിയുടെ തുടര്‍ച്ചയായ ആറാം തോല്‍വിയാണ് ഇത്.

രണ്ടാം മത്സരത്തില്‍, കരുത്തര്‍ തമ്മിലുള്ള പോരാട്ടത്തില്‍ അനായാസമായിരുന്നു എമറാള്‍ഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ആംബറിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍ശ് മാത്രമാണ് നേടാനായത്. 23 റണ്‍സുമായി പുറത്താകാതെ നിന്ന അല്‍ഷിഫ്‌ന മാത്രമാണ് ആംബര്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. എമറാള്‍ഡിന് വേണ്ടി ഇഷിത ഷാനിയും അലീന എംപിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാള്‍ഡ് എട്ട് ഓവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. 36 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ നജ്‌ല നൌഷാദിന്റെ പ്രകടനമാണ് എമറള്‍ഡിന്റെ വിജയം അനായാസമാക്കിയത്. ആംബറിന് വണ്ടി ഐശ്വര്യ രണ്ട് വിക്കറ്റ് വീഴ്ത്തി.