സായ് സുദര്‍ശന്‍, അഭിഷേക് ശര്‍മ്മ, ധ്രുവ് ജൂരെല്‍, നികിന്‍ ജോസ്, ക്യാപ്റ്റന്‍ യഷ് ദുള്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പ് അതിശക്തമാണ്
കൊളംബോ: ഏതൊരു കായികയിനത്തിലും ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരുമ്പോള്‍ ആവേശം ആകാശത്തോളം ഉയരാറുണ്ട്. അപ്പോള്‍ പിന്നെ പോരാട്ടം ഫൈനലില്‍ കൂടിയാവുമ്പോള്‍ ആവേശത്തിന്‍റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. എമേര്‍ജിംഗ് ഏഷ്യാ കപ്പിന്‍റെ ഫൈനലില്‍ ഞായറാഴ്‌ച ഇന്ത്യ എയും പാകിസ്ഥാന്‍ എയും നേര്‍ക്കുനേര്‍ വരുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. ഫൈനലില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇന്ത്യ എ തന്നെയാണ് ഫേവറൈറ്റുകള്‍. ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്.
ഗ്രൂപ്പ് ഘട്ട ജയം
നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ എട്ട് വിക്കറ്റിന് തരിപ്പിണമാക്കിയതിന്‍റെ ആത്മവിശ്വാസമുണ്ട് ടീം ഇന്ത്യക്ക്. പാകിസ്ഥാന്‍ എയുടെ 205 റണ്‍സ് 36.4 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ എ മറികടക്കുകയായിരുന്നു. ബാറ്റിംഗില്‍ ഓപ്പണര്‍ സായ് സുദർശന്‍റെ സെഞ്ചുറിയും(110 പന്തില്‍ 104*), നികിന്‍ ജോസിന്‍റെ ഫിഫ്റ്റിയും(64 പന്തില്‍ 53), ബൗളിംഗില്‍ 8 ഓവറില്‍ 42 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ രാജ്‍വർധന്‍ ഹംഗർഗേക്കറിന്‍റെ പ്രകടനവുമാണ് ഇന്ത്യക്ക് പാകിസ്ഥാന് മേല്‍ ത്രില്ലര്‍ ജയമൊരുക്കിയത്.
സായ് സുദര്‍ശന്‍, അഭിഷേക് ശര്‍മ്മ, ധ്രുവ് ജൂരെല്‍, നികിന്‍ ജോസ്, ക്യാപ്റ്റന്‍ യഷ് ദുള്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പ് അതിശക്തമാണ്. ബൗളിംഗില്‍ രാജ്‍വർധന്‍ ഹംഗർഗേക്കറിന് പുറമെ സെമിയില്‍ ബംഗ്ലാദേശ് എയ്‌ക്കെതിരെ 20 റണ്‍സിന് 5 വിക്കറ്റ് വീഴ്‌ത്തിയ നിഷാന്ത് സിന്ധുവും മൂന്ന് വിക്കറ്റ് നേടിയ മാനവ് സത്താറും ഫോമിലാണ്. യഷ് ദുളിന്‍റെ ക്യാപ്റ്റന്‍സിയും ഫൈനലില്‍ നിര്‍ണായകമാകും. മറുവശത്ത് രാജ്യാന്തര ക്രിക്കറ്റിലും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും പരിചയസമ്പത്തുള്ള താരങ്ങളാണ് പാക് എയുടേത്. ഓള്‍റൗണ്ടര്‍ മുഹമ്മദ് വസീം, ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസ്, ഓപ്പണര്‍ സഹീബ്‌സാദ ഫര്‍ഹാന്‍, പേസര്‍ അര്‍ഷാദ് ഇഖ്‌ബാല്‍ എന്നിവര്‍ രാജ്യാന്തര ക്രിക്കറ്റ് കളിച്ചവരാണ്. അമാദ് ബട്ടും ഒമൈര്‍ യൂസഫും പിഎസ്‌എല്ലിലെ സ്റ്റാറുകളുമാണ്. എന്നാല്‍ ലീഗ് ഘട്ടത്തിലേറ്റ തിരിച്ചടി പാകിസ്ഥാന്‍റെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ്.
കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഞായറാഴ്‌ച (23-ാം തിയതി) ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2 മണിക്ക് ഫൈനല്‍ ആരംഭിക്കുക.
Read more: എമേര്‍ജിംഗ് ഏഷ്യാ കപ്പ്: ഇന്ത്യ എ- പാക് എ സ്വപ്‌ന ഫൈനല്‍ കാണാനുള്ള വഴികള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
