പകലും രാത്രിയുമായി നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യ എയാണ് ഫേവറൈറ്റുകള്‍

കൊളംബോ: ക്രിക്കറ്റില്‍ ആരാധകരെ ആവേശത്തിലാക്കി ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍ വന്നിരിക്കുകയാണ്. എമേര്‍ജിംഗ് ഏഷ്യാ കപ്പിന്‍റെ ഫൈനലിലാണ് ഞായറാഴ്‌ച ഇന്ത്യ എയും പാകിസ്ഥാന്‍ എയും മുഖാമുഖം വരുന്നത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് അയല്‍ക്കാരുടെ കലാശപ്പോര്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2 മണിക്കാണ് ഫൈനല്‍ ആരംഭിക്കുക. പകലും രാത്രിയുമായി നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യ എയാണ് ഫേവറൈറ്റുകള്‍. ഫൈനല്‍ ഇന്ത്യയില്‍ തല്‍സമയം കാണാന്‍ ഫാന്‍കോഡ് ആപ്ലിക്കേഷന്‍ വഴി സാധിക്കും. ഫാന്‍കോഡിന്‍റെ വെബ്‌സൈറ്റിലൂടേയും മത്സരം കാണാം. ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് ഫൈനലിന്‍റെ സംപ്രേഷണം. 

എമേര്‍ജിംഗ് ഏഷ്യാ കപ്പിന്‍റെ രണ്ടാം സെമിയില്‍ ബംഗ്ലാദേശ് എയെ 51 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ എ ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ യുവനിരയുടെ 211 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 34.2 ഓവറില്‍ 160 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. 8 ഓവറില്‍ 20 റണ്‍സിന് 5 വിക്കറ്റ് വീഴ്‌ത്തിയ നിഷാന്ത് സിന്ധുവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ബാറ്റിംഗില്‍ 85 പന്തില്‍ 66 റണ്‍സെടുത്ത ഇന്ത്യ എ ക്യാപ്റ്റന്‍ യഷ് ദുള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ സെമിയില്‍ ശ്രീലങ്ക എയെ 60 റണ്‍സിന് തോല്‍പിച്ചാണ് പാകിസ്ഥാന്‍ എ കലാശപ്പോരിന് യോഗ്യത നേടിയത്. 

ഇന്ത്യ എ സ്‌ക്വാഡ്: സായ് സുദര്‍ശന്‍, അഭിഷേക് ശര്‍മ്മ, ധ്രുവ് ജൂരെല്‍(വിക്കറ്റ് കീപ്പര്‍), നികിന്‍ ജോസ്, യഷ് ദുള്‍, ആകാശ് സിംഗ്, യുവ്‌രാജ്‌സിംഗ് ഡോദിയ, പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രദോഷ് പോള്‍, റിയാന്‍ പരാഗ്, നിഷാന്ത് സിന്ധു, മാനസ് സത്താര്‍, ഹര്‍ഷിത് റാണ, നിതീഷ് റെഡ്ഡി, ആര്‍എസ് ഹംഗരേക്കര്‍. 

Read more: എമേര്‍ജിംഗ് ഏഷ്യാ കപ്പ്: ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്‌ന ഫൈനല്‍, സെമിയില്‍ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് നിഷാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം