കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ നിറം മങ്ങിയെങ്കിലും വിരാടി കോലി പാക്കിസ്ഥാനെതിരെ തന്‍റെ ടി20 കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന് കളിച്ചിരുന്നു. പിന്നീട് നടന്ന ടി20 പരമ്പരകളില്‍ രോഹിത്തിനും കോലിക്കും വിശ്രമം അനുവദിക്കുകയാണെന്നായിരുന്നു സെലക്ടര്‍മാര്‍ വിശദീകരിച്ചിരുന്നത്. ഔദ്യോഗികമായല്ലെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയെ ടി20 ടീമിന്‍റെ നായകനാക്കുകയും ചെയ്തു.
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ടീമിനെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മക്കും വിരാട് കോലിക്കുമുള്ള സന്ദേശം ഒരിക്കല്‍ കൂടി വ്യക്തമായി. 36കാരനായ രോഹിത് ശര്‍മയും 35 കാരനായ വിരാട് കോലിയും ഇന്ത്യയുടെ ടി20 പദ്ധഥികളില്‍ ഇനിയുണ്ടാവില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് സെലക്ടര്‍മാര്‍. ഐപിഎല്ലില്‍ റണ്‍സടിച്ചു കൂട്ടിയിട്ടും വിരാട് കോലിയെയും ഒഴിവാക്കിയതോടെ അടുത്തവര്‍ഷം അമേരിക്കയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കോലിയും രോഹിത്തുമില്ലാത്ത യുവ ടീമായിരിക്കും കളിക്കാനിറങ്ങുക എന്ന സന്ദേശമാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ നിറം മങ്ങിയെങ്കിലും വിരാടി കോലി പാക്കിസ്ഥാനെതിരെ തന്‍റെ ടി20 കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന് കളിച്ചിരുന്നു. എന്നാല്‍ ലോകകപ്പിന് പിന്നാലെ നടന്ന ടി20 പരമ്പരകളിലെല്ലാം രോഹിത്തിനും കോലിക്കും സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കുകയാരുന്നു ചെയ്തത്. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയെ ടി20 ടീമിന്‍റെ നായകനാക്കുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ സെഞ്ചുറി അടക്കം 639 റണ്‍സടിച്ച് കരുത്തു കാട്ടിയ കോലി ടി20 ക്രിക്കറ്റില്‍ തനിക്കിനിയും ബാല്യമുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചെങ്കിലും ഇനിയെത്ര മിന്നിയാലും കോലിക്കും രോഹിത്തിനും ടി20 ടീമില്‍ ഇടം ഉണ്ടാകില്ലെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. ഐപിഎല്ലില്‍ തിളങ്ങിയ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, മുകേഷ് കുമാര്‍ തുടങ്ങിയ യുവരക്തങ്ങളെ ടീമിലെടുത്തപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തിളങ്ങിയിട്ടും റുതുരാജ് ഗെയ്ക്‌വാദിന് ടി20 ടീമില്‍ ഇടം നേടാനായില്ല.
അതുപോലെ ഐപിഎല്ലില്‍ സഞ്ജുവിനെക്കാള്‍ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും പഞ്ചാബ് കിംഗ്സ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മയും ടീമില്‍ ഇടം നേടിയില്ല. കഴിഞ്ഞ ഐപിഎല്ലില്‍ 156.06 പ്രഹരശേഷിയില്‍ ജിതേഷ് 309 റണ്‍സടിച്ചിരുന്നു. 14 മത്സരങ്ങളില്‍ കഴിഞ്ഞ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ മുഹമ്മദ് ഷമിക്ക് ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ വിശ്രമം നല്‍കിയപ്പോള്‍ ടി20 ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഷമിയെ ടീമിലെടുക്കാതിരുന്നതും ശ്രദ്ധേയമായി. ഏഷ്യാ കപ്പിന് മുമ്പ് മത്സരപരിചയം ലഭിക്കാന്‍ ഷമിയെ ടീമിലെടുത്തിരുന്നെങ്കില്‍ കഴിയുമായിരുന്നു.
