ഇംഗ്ലണ്ടില്‍ ഏറ്റവുമധികം അന്താരാഷ്‌ട്ര സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍ എന്ന നേട്ടത്തിലെത്തി ഹിറ്റ്‌മാന്‍

ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയോടെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ സ്വന്തമാക്കിയത് ഗംഭീര നേട്ടം. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം അന്താരാഷ്‌ട്ര സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍ എന്ന നേട്ടത്തിലെത്തി ഹിറ്റ്‌മാന്‍. മുന്‍ നായകനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡിനെയാണ് രോഹിത് പിന്നിലാക്കിയത്. 

ഓവലിലെ രണ്ടാം ഇന്നിംഗ്‌സില്‍ 256 പന്തിൽ 14 ഫോറും ഒരു സിക്സുമടക്കം രോഹിത് ശര്‍മ്മ 127 റൺസെടുത്തു. രോഹിത് ശര്‍മ്മയുടെ ടെസ്റ്റ് കരിയറിലെ ആദ്യ ഓവര്‍സീസ് സെഞ്ചുറിയാണിത്. ഇതോടെ ഇംഗ്ലണ്ടില്‍ രോഹിത്തിന്‍റെ ശതകങ്ങളുടെ എണ്ണം ഒന്‍പതായി. രാഹുല്‍ ദ്രാവിഡിന് എട്ട് സെഞ്ചുറികളാണുണ്ടായിരുന്നത്. രോഹിത്തിന്‍റെ ഒന്‍പതില്‍ എട്ട് സെഞ്ചുറികളും 2018ന് ശേഷമായിരുന്നു എന്നത് പ്രത്യേക സവിശേഷതയാണ്. വിദേശ താരങ്ങളില്‍ 11 ശതകങ്ങളുമായി സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാനാണ് തലപ്പത്ത്. 

നേട്ടത്തിലെത്തുന്ന ആദ്യ ഓപ്പണര്‍

അതേസമയം മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ വിദേശ ഓപ്പണര്‍ എന്ന നേട്ടം ഹിറ്റ്‌മാന് സ്വന്തമായി. ടെസ്റ്റില്‍ 3000 റണ്‍സ് ക്ലബില്‍ ഇടംപിടിക്കാനും അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഓപ്പണറുടെ റോളില്‍ 11000 റണ്‍സ് പൂര്‍ത്തിയാക്കാനും രോഹിത് ശര്‍മ്മയ്‌ക്കായിട്ടുണ്ട്. മത്സരത്തിനിടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 15000 റൺസും രോഹിത് ശര്‍മ്മ പൂർത്തിയാക്കി.

ഓവലില്‍ പതിവില്‍ നിന്ന് വിഭിന്നമായി കൂടുതല്‍ കരുലതോടെ ക്രീസില്‍ കാലുറപ്പിച്ച് 201-ാം പന്തിലാണ് രോഹിത് മൂന്നക്കം തികച്ചത്. വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കേ മൊയീന്‍ അലിയെ തകര്‍പ്പന്‍ സിക്‌സറിന് പറത്തി വീരു സ്റ്റൈലില്‍ ശതകത്തിലേക്ക് താരം ചുവടുവെച്ചു. തന്‍റെ ടെസ്റ്റ് സെഞ്ചുറികളിലെ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റിലാണ് ഓവലില്‍ താരം മൂന്നക്കത്തിലെത്തിയത്. രോഹിത്തിന്‍റെ സെഞ്ചുറിക്കരുത്തില്‍ ഓവല്‍ ടെസ്റ്റില്‍ ടീം ഇന്ത്യ 171 റൺസിന്‍റെ ലീഡ് നേടിക്കഴിഞ്ഞു. 

കടംവീട്ടാന്‍ ബ്രസീല്‍, ആധിപത്യം തുടരാന്‍ അര്‍ജന്‍റീന; ഇന്ന് ഫുട്ബോള്‍ ക്ലാസിക്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona