ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 157 റണ്‍സിന് തോല്‍പിച്ച് ചരിത്ര ജയം നേടിയതിന് പിന്നാലെയായിരുന്നു കോലിപ്പടയെ വാഴ്‌ത്തി ദാദയുടെ പ്രതികരണം

മുംബൈ: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മറ്റ് ടീമുകളേക്കാള്‍ വളരെ മുന്നിലാണ് നിലവിലെ ടീം ഇന്ത്യ എന്ന ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കാതെ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 157 റണ്‍സിന് തോല്‍പിച്ച് ചരിത്ര ജയം നേടിയതിന് പിന്നാലെയായിരുന്നു കോലിപ്പടയെ വാഴ്‌ത്തി ദാദയുടെ പ്രതികരണം. 

മികച്ച പ്രകടനം...കഴിവ് വ്യത്യസ്‌തമാണ്, എന്നാല്‍ ഏറ്റവും വലിയ വ്യത്യാസം സമ്മര്‍ദത്തെ അതിജീവിക്കുന്നതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് മറ്റ് ടീമുകളേക്കാള്‍ വളരെ മുകളിലാണ്- എന്നായിരുന്നു സൗരവ് ഗാംഗുലി ഓവല്‍ ജയ ശേഷം ട്വീറ്റ് ചെയ്തത്. 

Scroll to load tweet…

എന്നാല്‍ സോണി സ്‌പോര്‍ട്‌സില്‍ നടന്ന ഒരു ചര്‍ച്ചയ്‌ക്കിടെ ആശിഷ് നെഹ്‌റയുടെ പ്രതികരണം ഇങ്ങനെ...'ഇന്ത്യന്‍ ടീം സമ്മര്‍ദത്തെ വളരെ മനോഹരമായി അതിജീവിച്ചു. എന്നാല്‍ ഇന്ത്യന്‍ ടീം മറ്റുള്ളവരേക്കാള്‍ വളരെ മുന്നിലാണെന്ന അദേഹത്തിന്‍റെ അഭിപ്രായത്തോട് 100 ശതമാനവും യോജിപ്പില്ല. കണക്കുകളിലൂടെ വെറുതേയൊന്ന് സഞ്ചരിച്ചാല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷങ്ങളിലെ ടെസ്റ്റ് ക്രിക്കറ്റ് പരിശോധിച്ചാല്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്‌ചവെക്കുന്നത്' എന്നും നെഹ്‌റ പറഞ്ഞു. 

ഹെഡിംഗ്‌ലെയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 76 റണ്‍സിനും പരാജയം രുചിച്ച ശേഷം ഓവലില്‍ ഇംഗ്ലണ്ടിനെ 157 റണ്‍സിന് കീഴടക്കി ശക്തമായി ടീം ഇന്ത്യ തിരിച്ചെത്തുകയായിരുന്നു. ഓവലില്‍ വിജയിക്കാനുള്ള നീണ്ട 50 വര്‍ഷത്തെ കാത്തിരിപ്പിനുള്ള അവസാനം കൂടിയാണിത്. 1971ല്‍ അജിത് വഡേക്കറുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീമാണ് ഇതിന് മുമ്പ് അവസാനമായി ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് ജയിച്ചത്.

ഓവല്‍ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ 191 റണ്‍സില്‍ പുറത്തായ ശേഷം കൂടിയായിരുന്നു ഇന്ത്യയുടെ ഈ തിരിച്ചടി. ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറിക്കരുത്തില്‍(127) രണ്ടാം ഇന്നിംഗ്‌സില്‍ 466 റണ്‍സ് പടുത്തുയര്‍ത്താന്‍ കഴിഞ്ഞതാണ് ഇന്ത്യക്ക് തുണയായത്. ജസ്‌പ്രീത് ബുമ്രയും ഉമേഷ് യാദവും ഷര്‍ദ്ദുല്‍ ഠാക്കൂറും രവീന്ദ്ര ജഡേജയും അടങ്ങുന്ന ഇന്ത്യന്‍ ബൗളിംഗ് നിര ഇംഗ്ലണ്ടിനെ 210ല്‍ എറിഞ്ഞിടുകയും ചെയ്‌തു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തിയിരുന്നു.

രണ്ട് ശ്രദ്ധേയ താരങ്ങള്‍ പുറത്ത്; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമുമായി ഗാവസ്‌കര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona