ഏകദിന ചരിത്രത്തില്‍ ഇന്ത്യക്കെതിരെ ഒരു ടീം ഏറ്റവും കുറഞ്ഞ റണ്ണിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുന്നതിനാണ് ഓവലില്‍ ക്രിക്കറ്റ് ലോകം സാക്ഷിയായത്
ഓവല്‍: പ്രശസ്ത കമന്‍റേറ്റർ ഹർഷാ ഭോഗ്‍ലെ(Harsha Bhogle) പറഞ്ഞത് എത്രയേ ശരി, ജസ്പ്രീത് ബുമ്രയുടെ(Jasprit Bumrah) സ്പെല്ലില്‍ നിന്ന് കണ്ണെടുക്കാനാകുന്നില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍(ENG vs IND 1st ODI) തന്‍റെ ആദ്യ നാല് ഓവറില്‍ ആറ് റണ്ണിന് 4 വിക്കറ്റുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയായിരുന്നു ബുമ്ര. ബുമ്രക്കൊപ്പം മുഹമ്മദ് ഷമിയും(Mohammed Shami) ചേർന്നതോടെ ഇംഗ്ലണ്ടിന് 7.5 ഓവറില്‍ വെറും 26 റണ്ണിന് അഞ്ച് വിക്കറ്റ് നഷ്ടമായി. ഇതോടെ നാണക്കേടിന്‍റെ പടുകുഴിയിലേക്കാണ് ഇംഗ്ലണ്ട് തലകുത്തി വീണത്.
ഏകദിന ചരിത്രത്തില്‍ ഇന്ത്യക്കെതിരെ ഒരു ടീം ഏറ്റവും കുറഞ്ഞ റണ്ണിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുന്നതിനാണ് ഓവലില്‍ ക്രിക്കറ്റ് ലോകം സാക്ഷിയായത്. 1997ല്‍ കൊളംബോയില്‍ പാകിസ്ഥാന്‍ 29 റണ്‍സിന് അഞ്ച് വിക്കറ്റ് ഇന്ത്യക്കെതിരെ നഷ്ടപ്പെടുത്തിയതായിരുന്നു മുന്‍ റെക്കോർഡ്.
പേസർമാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും തുടക്കത്തിലെ കൊടുങ്കാറ്റായപ്പോള്‍ ഓവലിലെ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് നാണംകെടുകയായിരുന്നു. ആദ്യ 10 ഓവറില്‍ വെറും 30 റണ്‍സാണ് ഇംഗ്ലണ്ടിന് സ്കോർ ബോർഡില്‍ ചേർക്കാനായത്. അഞ്ച് വിക്കറ്റ് ഇതിനിടെ നഷ്ടമാവുകയും ചെയ്തു. ആദ്യ സ്പെല്ലില്‍ അഞ്ച് ഓവർ എറിഞ്ഞ ബുമ്ര രണ്ട് മെയ്ഡനടക്കം 9 റണ്‍സ് മാത്രം വഴങ്ങി നാല് ഇംഗ്ലീഷ് ബാറ്റർമാരെ പുറത്താക്കി. അതേസമയം മുഹമ്മദ് ഷമി നാല് ഓവറില്‍ 19 റണ്ണിന് ഒരു വിക്കറ്റും സ്വന്തമാക്കി. പവർപ്ലേയില്‍ ഒരോവർ എറിഞ്ഞ ഹാർദിക് പാണ്ഡ്യ ഒരു റണ്ണേ വിട്ടുകൊടുത്തുള്ളൂ.
ഓവലില്‍ ബുമ്ര തുടക്കത്തിലെ കൊടുങ്കാറ്റായപ്പോള്‍ 26 റണ്‍സിനിടെ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടമായി. ജേസന്‍ റോയ്(0), ജോ റൂട്ട്(0), ജോണി ബെയ്ർസ്റ്റോ(7), ലിയാം ലിവിംഗ്സ്റ്റണ്‍(0) എന്നിവർ ബുമ്രക്ക് കീഴടങ്ങി. ബെന്‍ സ്റ്റോക്സിനെയാണ്(0) ഷമി പവലിയനിലേക്ക് പറഞ്ഞയച്ചത്. റോയിയും ലിവിംഗ്സ്റ്റണും ബൗള്‍ഡായപ്പോൾ മറ്റ് മൂന്ന് വിക്കറ്റുകളും വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്‍റെ ക്യാച്ചിലൂടെയായിരുന്നു.
