പേസർമാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും തുടക്കത്തിലെ കൊടുങ്കാറ്റായപ്പോള്‍ ഓവലിലെ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് നാണംകെടുകയായിരുന്നു

ഓവല്‍: അടിക്ക് യാതൊരു മയവുമുണ്ടാവില്ല എന്ന് വീമ്പ് പറഞ്ഞുവന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഓവല്‍ ഏകദിനത്തില്‍(ENG vs IND 1st ODI) ജസ്പ്രീത് ബുമ്രയുടെ ആറ് മിന്നലേറ്റ് കുഞ്ഞന്‍ സ്കോറില്‍ പുറത്ത്. ജസ്പ്രീത് ബുമ്ര-മുഹമ്മദ് ഷമി പേസ് സഖ്യത്തിന്‍റെ ഐതിഹാസിക ബൗളിം​ഗിന് മുന്നില്‍ 25.2 ഓവറില്‍ വെറും 110 റണ്ണില്‍ ഇംഗ്ലണ്ടിന്‍റെ എല്ലാ ബാറ്റർമാരും കൂടാരം കയറി. ബുമ്ര(Jasprit Bumrah) 7.2 ഓവറില്‍ 19 റണ്ണിന് ആറും, ഷമി(Mohammed Shami) 7 ഓവറില്‍ 31 റണ്ണിന് മൂന്നും വിക്കറ്റ് നേടി. 

ബും ബും ബുമ്ര

ആദ്യം ബാറ്റ് ചെയ്താല്‍ ഇംഗ്ലണ്ട് 400 റണ്ണടിച്ചാല്‍ പോലും അത്ഭുതപ്പെടില്ല എന്നാണ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ മത്സരത്തിന് മുമ്പ് പറഞ്ഞത്. എന്നാല്‍ ഓവലില്‍ ആരാധകർ സാക്ഷിയായത് ഇംഗ്ലീഷ് ബാറ്റിംഗ് ദുരന്തത്തിനായിരുന്നു. ജസ്പ്രീത് ബുമ്ര തുടങ്ങിയത് മുഹമ്മദ് ഷമി ഫിനിഷ് ചെയ്യുകയായിരുന്നു എന്ന് പറയുന്നതാണ് ഉചിതം. 

പേസർമാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും തുടക്കത്തിലെ കൊടുങ്കാറ്റായപ്പോള്‍ ഓവലിലെ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് നാണംകെടുകയായിരുന്നു. ആദ്യ 10 ഓവറില്‍ വെറും 30 റണ്‍സാണ് ഇംഗ്ലണ്ടിന് സ്കോർ ബോർഡില്‍ ചേർക്കാനായത്. അഞ്ച് വിക്കറ്റ് 26 റണ്ണിനിടെ നഷ്ടമാവുകയും ചെയ്തു. ആദ്യ സ്പെല്ലില്‍ അഞ്ച് ഓവർ എറിഞ്ഞ ബുമ്ര രണ്ട് മെയ്ഡനടക്കം 9 റണ്‍സ് മാത്രം വഴങ്ങി നാല് ഇംഗ്ലീഷ് ബാറ്റർമാരെ പുറത്താക്കി. അതേസമയം മുഹമ്മദ് ഷമി നാല് ഓവറില്‍ 19 റണ്ണിന് ഒരു വിക്കറ്റും സ്വന്തമാക്കി. പവർപ്ലേയില്‍ ഒരോവർ എറിഞ്ഞ ഹാർദിക് പാണ്ഡ്യ ഒരു റണ്ണേ വിട്ടുകൊടുത്തുള്ളൂ. 

ബാക്കിയെല്ലാം ഷമി നോക്കി...

ഇന്നിംഗ്സിന്‍റെ രണ്ടാം ഓവറില്‍ തന്നെ ജേസന്‍ റോയ്(0) ബുമ്രയുടെ ബുള്ളറ്റ് പന്തില്‍ ബൗള്‍ഡായി. മൂന്നാമനായ ജോ റൂട്ടിനും(0) ബുമ്രക്ക് മുന്നില്‍ അക്കൗണ്ട് ശൂന്യമായി. ഒരു പന്തിന്‍റെ മാത്രം ഇടവേളയില്‍ റൂട്ട്, റിഷഭ് പന്തിന്‍റെ കൈകളിലവസാനിച്ചു. തൊട്ടുപിന്നാലെ ബെന്‍ സ്റ്റോക്സിനെ ഷമി(0) റിഷഭിന്‍റെ കൈകളിലാക്കി. ജോണി ബെയ്ർസ്റ്റോയും(7), ലിയാം ലിവിംഗ്സ്റ്റണും(0) കൂടി ബുമ്രയുടെ മാന്ത്രിക ബൗളിംഗില്‍ കുടുങ്ങിയതോടെ ഇംഗ്ലണ്ട് 7.5 ഓവറില്‍ 26-5 എന്ന നിലയില്‍ പരുങ്ങി. ലിവിംഗ്സ്റ്റണും ബൗള്‍ഡാവുകയായിരുന്നു. 

ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ജോസ് ബട്‍ലർക്കൊപ്പം മൊയീന്‍ അലി പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും പാളി. അലിയെ(14) റിഷഭിന്‍റെ കൈകളിലെത്തിച്ച് പ്രസിദ്ധാണ് ബ്രേക്ക്ത്രൂ നല്‍കിയത്. 32 പന്തില്‍ 30 റണ്ണെടുത്ത ബട്‍ലറെ ഷമി മടക്കി. എട്ട് റണ്ണുമായി ക്രെയ്ഗ് ഓവർട്ടണും ഷമിക്ക് കീഴടങ്ങി. വാലറ്റത്ത് ബ്രൈഡന്‍ കാർസും ഡേവിഡ് വില്ലിയും ഇംഗ്ലണ്ടിനെ 100 കടത്തി. എങ്കിലും കാർസിനെ ബൗള്‍ഡാക്കി(15) ബുമ്ര അഞ്ച് വിക്കറ്റ് തികച്ചു. അവസാനക്കാരന്‍ ഡേവിഡ് വില്ലിയെ(21) ബൗള്‍ഡാക്കി ബുമ്ര മത്സരത്തില്‍ ആറ് വിക്കറ്റോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചു. 

ബാസ്ബോള്‍ ടീമിന്‍റെ അവസ്ഥ! 26 റണ്ണിന് 5 വിക്കറ്റ്; നാണക്കേടിന്‍റെ റെക്കോർഡിലേക്ക് മൂക്കുംകുത്തി ഇംഗ്ലണ്ട്