ഏകദിനത്തില്‍ 5000 റണ്‍സ് കൂട്ടുകെട്ട് തികയ്ക്കുന്ന നാലാമത്തെയും ഇന്ത്യയുടെ രണ്ടാമത്തേയും സഖ്യമാണ് രോഹിത് ശർമ്മയും ശിഖർ ധവാനും
ഓവല്‍: ഏകദിന ക്രിക്കറ്റില്‍ ഓപ്പണർമാരെന്ന നിലയില്‍ 5000 റണ്‍സ് കൂട്ടുകെട്ട് പൂർത്തിയാക്കി ഇന്ത്യയുടെ രോഹിത് ശർമ്മയും ശിഖർ ധവാനും(Rohit Sharma and Shikhar Dhawan). ഓവലില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലാണ്(ENG vs IND 1st ODI) ഇരുവരും നാഴികക്കല്ല് പൂർത്തിയാക്കിയത്. മത്സരത്തില്‍ 12 പന്തുകള്‍ നേരിട്ടപ്പോഴേക്കും ഇരുവരും നാഴികക്കല്ലിലെത്തി.
ഏകദിനത്തില്‍ 5000 റണ്‍സ് കൂട്ടുകെട്ട് തികയ്ക്കുന്ന നാലാമത്തെയും ഇന്ത്യയുടെ രണ്ടാമത്തേയും സഖ്യമാണ് രോഹിത് ശർമ്മയും ശിഖർ ധവാനും. ഇരുവർക്കും 112 ഇന്നിംഗ്സില്‍ 5108 റണ്‍സായി. ഇന്ത്യയുടെ ഇതിഹാസ ഓപ്പണർമാരായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് പട്ടികയില്‍ ഒന്നാമത്. 6609 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. ഓസീസിന്‍റെ ആദം ഗില്‍ക്രിസ്റ്റ്-മാത്യൂ ഹെയ്ഡന്‍ സഖ്യവും(5372 റണ്‍സ്), വിന്‍ഡിസിന്‍റെ ഡെസ്മണ്ട് ഹെയ്ന്‍സ്-ഗോഡന്‍ ഗ്രീനിഡ്‍സ് സഖ്യവും(5150 റണ്‍സ്) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
മത്സരത്തില്‍ ഇന്ത്യക്ക് 10 വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം രോഹിത് ശർമ്മയും ശിഖർ ധവാനും സമ്മാനിച്ചു. ഇരുവരും ചേർന്ന് പുറത്താകാതെ 114 റണ്‍സ് നേടി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ടുകളുള്ള താരങ്ങളില്‍ മൂന്നാമതാണ് രോഹിത്തും ധവാനും. 18-ാം തവണയാണ് ഇരുവരും 100 റണ്‍സ് ചേർക്കുന്നത്. രോഹിത്-ധവാന്‍ സഖ്യത്തിന് പുറമെ രോഹിത്-കോലി സഖ്യവും 18 തവണ ഏകദിനത്തില്‍ സെഞ്ചുറി പാർട്ണർഷിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. 26 തവണ 100 റണ്‍സ് കൂട്ടുകെട്ട് പടുത്തുയർത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് തലപ്പത്ത്. 20 എണ്ണവുമായി ലങ്കയുടെ തിലരത്നെ ദില്‍ഷനും കുമാർ സംഗക്കാരയും രണ്ടാമത് നില്‍ക്കുന്നു.
പേസർമാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും പന്തുകൊണ്ടും ഓപ്പണർമാരായ രോഹിത് ശർമ്മയും ശിഖർ ധവാനും ബാറ്റുകൊണ്ടും മറുപടി നല്‍കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചിരുന്നു. ഓവലിലെ ഇംഗ്ലണ്ടിന്‍റെ 110 റണ്‍സ് പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ ജയത്തിലെത്തി. രോഹിത് 58 പന്തില്‍ 76* ഉം ധവാന്‍ 54 പന്തില്‍ 31* ഉം റണ്ണുമായി പുറത്താകാതെ നിന്നു. നേരത്തെ ബൗളിംഗില്‍ ബുമ്ര ആറും ഷമി മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്കോർ: ഇംഗ്ലണ്ട്- 110 (25.2), ഇന്ത്യ- 114/0 (18.4).
ENG vs IND : സിക്സർ ഹിറ്റ്മാന്‍; 250 എണ്ണം തികച്ച് രോഹിത് ശർമ്മ, നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍
