ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആറാം തവണയാണ് ഇന്നിംഗ്സിലെ 10 വിക്കറ്റും ഇന്ത്യൻ പേസർമാർ സ്വന്തമാക്കുന്നത്
ഓവല്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍(ENG vs IND 1st ODI) 10 വിക്കറ്റിന്‍റെ തകർപ്പന്‍ ജയമാണ് ടീം ഇന്ത്യ(Team India) സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 111 റണ്‍സ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ നേടുകയായിരുന്നു. ഇംഗ്ലണ്ടിനെ 110 റണ്‍സില്‍ ചുരുട്ടിക്കൂട്ടിയപ്പോള്‍ 10 വിക്കറ്റുകളും പേസർമാർക്കായിരുന്നു എന്ന സവിശേഷതയുമുണ്ട്. രണ്ട് കാര്യങ്ങളിലും ഇന്ത്യയുടേത് നാഴികക്കല്ലാണ്.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആറാം തവണയാണ് ഇന്നിംഗ്സിലെ 10 വിക്കറ്റും ഇന്ത്യൻ പേസർമാർ സ്വന്തമാക്കുന്നത്. 1983ൽ ഓസ്ട്രേലിയക്കെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും 1997ൽ പാകിസ്ഥാനെതിരെയും 2003ൽ ശ്രീലങ്കയ്ക്കെതിരെയും 2014ൽ ബംഗ്ലാദേശിനെതിരെയും ഇന്ത്യൻ പേസർമാർ ഇന്നിംഗ്സിലെ എല്ലാ വിക്കറ്റും വീഴ്ത്തിയിരുന്നു. ആദ്യ അഞ്ച് തവണയും രണ്ടാമത് പന്തെറിഞ്ഞപ്പോഴായിരുന്നു ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ എല്ലാ വിക്കറ്റും വീഴ്ത്തിയത്. ആദ്യം പന്തെറിഞ്ഞ് എല്ലാ വിക്കറ്റും വീഴ്ത്തുന്ന നേട്ടവും ഓവലിൽ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും പ്രസിദ്ധ് കൃഷ്ണയും ചേർന്ന് സ്വന്തമാക്കി.
10 വിക്കറ്റ് ജയത്തിലും നേട്ടം
ഏകദിനത്തിൽ ഏഴാം തവണയാണ് ഇന്ത്യ 10 വിക്കറ്റ് വിജയം സ്വന്തമാക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ 10 വിക്കറ്റ് വിജയം കൂടിയായിരുന്നു ഓവലിലേത്. 1975ൽ ഈസ്റ്റ് ആഫ്രിക്കയ്ക്ക് എതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ 10 വിക്കറ്റ് വിജയം. പിന്നീട് ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‍വേ, കെനിയ ടീമുകൾക്കെതിരെയും 10 വിക്കറ്റ് വിജയം ടീം ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.
പേസർമാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും പന്തുകൊണ്ടും ഓപ്പണർമാരായ രോഹിത് ശർമ്മയും ശിഖർ ധവാനും ബാറ്റുകൊണ്ടും മറുപടി നല്‍കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് വിജയിക്കുകയായിരുന്നു. ഓവലില്‍ ഇംഗ്ലണ്ടിന്‍റെ 110 റണ്‍സ് പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ ജയത്തിലെത്തി. രോഹിത് 58 പന്തില്‍ 76* ഉം ധവാന്‍ 54 പന്തില്‍ 31* ഉം റണ്ണുമായി പുറത്താകാതെ നിന്നു. നേരത്തെ ബൗളിംഗില്‍ ബുമ്ര ആറും ഷമി മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു. പ്രസിദ്ധ് ഒരാളെ പുറത്താക്കി. സ്കോർ: ഇംഗ്ലണ്ട്- 110 (25.2), ഇന്ത്യ- 114/0 (18.4).
ENG vs IND : 5000 റണ്‍സ് കൂട്ടുകെട്ട്; ചരിത്രമെഴുതി രോഹിത് ശർമ്മയും ശിഖർ ധവാനും
