19 മത്സരങ്ങളില്‍ ഇതുവരെ ഇരുടീമും മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ 10ലും ഇംഗ്ലണ്ട് 9ലും വിജയിച്ചു
സതാംപ്‍ടണ്‍: ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന്(ENG vs IND 1st T20I) ഇറങ്ങുകയാണ് രോഹിത് ശർമ്മയുടെ(Rohit Sharma) നേതൃത്വത്തില്‍ ടീം ഇന്ത്യ(Team India) ഇന്ന്. സതാംപ്ടണില്‍ ഇന്ത്യന്‍സമയം രാത്രി 10.30നാണ് മത്സരം. 10 മണിക്ക് റോസ് ബൗളിൽ(The Rose Bowl Southampton) ടോസ് വീഴും. മത്സരത്തിന് മുമ്പ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഇംഗ്ലണ്ടിനെതിരെ ടി20യിലെ മുന്‍ റെക്കോർഡ്.
ടി20യില്‍ ഇംഗ്ലണ്ടിന് മേല്‍ മേല്‍ക്കോയ്മ ഇന്ത്യക്കുണ്ട്. 19 മത്സരങ്ങളില്‍ ഇതുവരെ ഇരുടീമും മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ 10ലും ഇംഗ്ലണ്ട് 9ലും വിജയിച്ചു. ഇരു കൂട്ടരും തമ്മിലുള്ള പരമ്പരകളില്‍ പക്ഷേ എട്ട് വീതം വിജയങ്ങളാണ് ഇന്ത്യക്കും ഇംഗ്ലണ്ടിനുമുള്ളത്. അവസാനം ഏറ്റുമുട്ടിയ ടി20 പരമ്പരയില്‍(2021 മാർച്ച്) ഇന്ത്യ 3-2ന് വിജയിച്ചതും പ്രതീക്ഷയാണ്. മാത്രമല്ല അവസാന മൂന്ന് ടി20 പരമ്പരകളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. കഴിഞ്ഞ വർഷത്തെ പരമ്പരയ്ക്ക് മുമ്പ് 2017ലും 2018ലും 2-1ന് വീതം ടീം ഇന്ത്യ വിജയിച്ചു. അവസാന ഏഴ് കളിയില്‍ സതാംപ്ടണിലെ ഉയര്‍ന്ന സ്‌കോര്‍ 165 റണ്‍സാണ്. അഞ്ചിലും ജയിച്ചത് ആദ്യം ബാറ്റുചെയ്ത ടീമാണെന്നതും സവിശേഷത.
വമ്പന്‍ ഹിറ്റർമാർ നിറഞ്ഞ രണ്ട് ടീമുകളാണ് ഇന്ത്യ സതാംപ്ടണില്‍ മുഖാമുഖം വരുന്നത്. ഇന്ത്യന്‍ നിരയില്‍ നായകന്‍ രോഹിത് ശർമ്മ കൊവിഡ് മാറി തിരിച്ചെത്തുന്നത് ശ്രദ്ധേയം. രോഹിത്തിനൊപ്പം ഇഷാന്‍ കിഷന്‍, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക് എന്നിവരെത്താനാണ് സാധ്യത. സഞ്ജു സാംസണ്‍ കളിക്കുന്ന കാര്യം വ്യക്തമല്ല. ബൗളര്‍മാരില്‍ അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്കും സ്ഥാനമുറപ്പ്. അവസാന സ്ഥാനത്തിനായി ഉമ്രാന്‍ മാലിക്കും അര്‍ഷ്ദീപ് സിംഗും തമ്മിലായിരിക്കും മത്സരം.
അതേസമയം ബെന്‍ സ്റ്റോക്സും ജോണി ബെയ്ർസ്റ്റോയും ഇല്ലെങ്കിലും ഇംഗ്ലീഷ് ബാറ്റിംഗ് നിരയും അതിശക്തം. പുതിയ നായകന്‍ ജോസ് ബട്‍ലർക്കൊപ്പം വെടിക്കെട്ട് വീരന്‍മാരായ ജേസന്‍ റോയ്, ഡേവിഡ് മാലന്‍, ലയാം ലിവിംഗ്‍സ്റ്റണ്‍, മൊയീന്‍ അലി എന്നിവർ ഇന്ന് കളത്തിലെത്തുമെന്നാണ് പ്രതീക്ഷ. മുന്‍കണക്കില്‍ മുന്‍തൂക്കം ഇന്ത്യക്കെങ്കിലും ഇംഗ്ലീഷ് ബാറ്റിംഗ് കരുത്തിന് മുന്നില്‍ കാലിടറുമോ എന്ന് കാത്തിരുന്ന് കാണാം.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്കുള്ള സ്ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.
ENG vs IND : ഇന്നുമുതല്‍ ഇന്ത്യന്‍ ടീമിന് ഇംഗ്ലീഷ് ടി20 പരീക്ഷ; മത്സരം കാണാന്‍ ഈ വഴികള്‍
