Asianet News MalayalamAsianet News Malayalam

Virat Kohli : 'ഈ കാലവും കടന്നുപോകും'; കോലിയെ പിന്തുണച്ച് ബാബർ അസം, കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഫോം കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുന്ന വിരാട് കോലിക്ക് വീണ്ടും നിരാശ സമ്മാനിക്കുകയായിരുന്നു ലോ‍ഡ്സിലെ ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ഏകദിനം

ENG vs IND 2nd ODI Babar Azam tweet for out of form virat kohli wins heart of fans
Author
Lord's Cricket Ground, First Published Jul 15, 2022, 8:03 AM IST

ലോര്‍ഡ്‍സ്: മോശം ബാറ്റിംഗ് ഫോം തുടരുന്നതില്‍ കടുത്ത വിമ‍ര്‍ശനം നേരിടുന്ന ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയെ(Virat Kohli) പിന്തുണച്ച് പാക് നായകന്‍ ബാബ‍ര്‍ അസം(Babar Azam) രംഗത്ത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും(ENG vs IND 2nd ODI) കുറഞ്ഞ സ്കോറില്‍ പുറത്തായതിന് പിന്നാലെയാണ് കോലിക്ക് പിന്തുണയുമായി ബാബര്‍ എത്തിയത്. 'ഈ കാലവും കടന്നുപോകും, കരുത്തോടെയായിരിക്കുക' എന്നാണ് കോലിയെ ചേര്‍ത്തുനിര്‍ത്തിയുള്ള ഫോട്ടോ സഹിതം ബാബറിന്‍റെ ട്വീറ്റ്. ഈ ട്വീറ്റ് പിന്നാലെ ആരാധകര്‍ ഹൃദയത്തില്‍ ഏറ്റെടുക്കുകയും ചെയ്തു.   

ഫോം കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുന്ന വിരാട് കോലിക്ക് വീണ്ടും നിരാശ സമ്മാനിക്കുകയായിരുന്നു ലോ‍ഡ്സിലെ ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ഏകദിനം. പരിക്കിൽ നിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയ കോലി 16 റൺസിന് പുറത്തായി. നല്ല തുടക്കം കിട്ടിയ കോലി 25 പന്തിൽ മൂന്ന് ഫോറുകളോടെയാണ് 16 റൺസെടുത്തത്. മികച്ച ടച്ച് തുടക്കത്തിലെ കാഴ്ചവെച്ച കോലിയില്‍ നിന്ന് വലിയ ഇന്നിംഗ്സാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ നിരാശയായി ഫലം. ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഡേവിഡ് വില്ലി എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ കോലിക്ക് പിഴച്ചു. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ പതിവുപോലെ ബാറ്റുവെച്ച കോലിയെ വിക്കറ്റിന് പിന്നില്‍ ജോസ് ‌ബട്‌ലര്‍ കൈയിലൊതുക്കുകയായിരുന്നു.

ഏകദിനത്തിൽ കോലിയുടെ അവസാന സെഞ്ചുറി 2019 ഓഗസ്റ്റിലായിരുന്നു. ഇതിന് ശേഷം 23 ഇന്നിംഗ്സുകളാണ് കോലി കളിച്ചത്. കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി 2019 നവംബർ 23ന് കൊൽക്കത്തിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു. ഇതിന് ശേഷം 78 ഇന്നിംഗ്സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല. അവസാന ഏഴ് ഇന്നിംഗ്സിൽ 23, 13, 11, 20, 1, 11, 16 എന്നിങ്ങനെയാണ് കോലിയുടെ സ്കോർ. ഇതിന് പിന്നാലെ വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് കോലിയെ ഒഴിവാക്കിയിട്ടുണ്ട്.

ഓഫ് സ്റ്റംപ് കെണിയില്‍ വീണു, വീണ്ടും നിരാശപ്പെടുത്തി കോലി

Follow Us:
Download App:
  • android
  • ios