കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണിലെ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരം കാണാനും ധോണി എത്തിയിരുന്നു
ട്രെന്‍റ് ബ്രിഡ്‍ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തേയും ടി20(ENG vs IND 3rd T20I) കാണാനും മഹേന്ദ്രസിംഗ് ധോണി(MS Dhoni) എത്തിയിരുന്നു. മുൻ ഇന്ത്യന്‍ പരിശീലകൻ രവി ശാസ്ത്രിയുമായി(Ravi Shastri) ധോണി കൂടിക്കാഴ്ച നടത്തി. വിക്കറ്റ് കീപ്പർ റിഷഭ് പന്തും(Rishabh Pant) ഒപ്പമുണ്ടായിരുന്നു. ഇന്ത്യൻ താരങ്ങളെയും ധോണി കണ്ടു. ചിത്രങ്ങൾ രവി ശാസ്ത്രി ട്വീറ്റ് ചെയ്തു. സൂര്യകുമാർ യാദവിന്‍റെ(Suryakumar Yadav) തകർപ്പന്‍ സെഞ്ചുറി നേരില്‍ക്കാണാന്‍ ധോണിക്കായി.
കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണിലെ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരം കാണാനും ധോണി എത്തിയിരുന്നു. 41-ാം പിറന്നാളാഘോഷത്തിനായാണ് ധോണി ഇംഗ്ലണ്ടിലെത്തിയത്. കഴിഞ്ഞ ദിവസം ധോണിയുടെ പിറന്നാളാഘോഷത്തില്‍ റിഷഭ് പന്ത് പങ്കെടുത്തിരുന്നു. വിംബിള്‍ഡണ്‍ ടെന്നീസ് മത്സരങ്ങള്‍ കാണാനും ധോണി സമയം കണ്ടെത്തി. വിംബിള്‍ഡണില്‍ റാഫേല്‍ നദാലും ടെയ്‌ലര്‍ ഫ്രിറ്റ്സും തമ്മിലുളള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കാണാന്‍ ധോണി എത്തിയിരുന്നു.
ട്രെന്‍റ് ബ്രിഡ്‍ജില്‍ ഇന്നലെ നടന്ന മൂന്നാം ടി20യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 17 റൺസിന്‍റെ തോൽവി നേരിട്ടെങ്കിലും പരമ്പര സ്വന്തമാക്കി. 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 198 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സൂര്യകുമാർ യാദവിന്‍റെ സെഞ്ച്വറി പാഴായി. പവർപ്ലേയിൽ മൂന്ന് മുൻനിരതാരങ്ങളും പവലിയനിലെത്തിയപ്പോഴാണ് സൂര്യകുമാർ കടിഞ്ഞാൺ ഏറ്റെടുത്തത്. മൂന്ന് വിക്കറ്റിന് 31 റൺസെന്ന നിലയിൽ ഇന്ത്യ തകർച്ചയുടെ മുന്നിൽ നിൽക്കുമ്പോഴായിരുന്നു സൂര്യകുമാറിന്‍റെ വെടിക്കെട്ട്.
കൂറ്റൻലക്ഷ്യത്തിന്‍റെ സമ്മർദമില്ലാതെ ബാറ്റ് വീശിയ സൂര്യകുമാർ 48 പന്തിൽ തന്‍റെ ആദ്യ അന്താരാഷ്‍ട്ര സെഞ്ച്വറിയിലെത്തി. 55 പന്തിൽ 117 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്. 14 ഫോറും 6 സിക്സറും സൂര്യകുമാർ നേടി. നാലാം നമ്പറിൽ ഒരു താരത്തിന്‍റെ ഏറ്റവുമുയർന്ന സ്കോറാണ് സൂര്യകുമാർ കുറിച്ചത്. അന്താരാഷ്‍ട്ര ട്വന്റി 20യിൽ സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരവുമായി സൂര്യകുമാർ യാദവ്. രോഹിത് ശർമ്മ(11), റിഷഭ് പന്ത്(1), വിരാട് കോലി(11) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ മുന്‍നിരയുടെ സ്കോർ.
നേരത്തെ ഡേവിഡ് മലാൻ(39 പന്തിൽ 77), ലിയാം ലിവിങ്സ്റ്റൺ(29 പന്തിൽ 42) എന്നിവരുടെ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോർ സമ്മാനിച്ചത്. വൈറ്റ്ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്‍റെ ക്യാപ്റ്റനായ ശേഷം ജോസ് ബട്‍ലറിന്‍റെ ആദ്യ ജയമാണിത്. പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഇംഗ്ലണ്ടിന്‍റെ റീസ് ടോപ്ലി മത്സരത്തിലെയും ഇന്ത്യന്‍ പേസർ ഭുവനേശ്വർ കുമാർ പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.
