Asianet News MalayalamAsianet News Malayalam

ENG vs IND : അലക്സ് ലീസിന്‍റെ റണ്ണൗട്ടില്‍ വിരാട് കോലിയുടെ ആഘോഷ ആറാട്ട്- വീഡിയോ

378 റണ്‍സിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശവേ 107 റണ്‍സാണ് ഇംഗ്ലീഷ് ഓപ്പണർമാരായ സാക്ക് ക്രൗലിയും അലക്സ് ലീസും ഓപ്പണിംഗ് വിക്കറ്റില്‍ ചേർത്തത്

ENG vs IND 5th Test Watch Virat Kohli celebration on Alex Lees terrible run out
Author
Edgbaston, First Published Jul 5, 2022, 8:01 AM IST

എഡ്‍ജ്‍ബാസ്റ്റണ്‍: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍(ENG vs IND 5th Test) തോല്‍വിയുടെ വക്കില്‍ നിന്ന് അതിശക്തമായി തിരിച്ചെത്തുന്ന ഇംഗ്ലണ്ടിനെയാണ് നാലാംദിനം ആരാധകർ കണ്ടത്. 378 റണ്‍സിന്‍റെ വമ്പന്‍ വിജയലക്ഷ്യം ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ വച്ചുനീട്ടിയിട്ടും ഇംഗ്ലണ്ട് അനായാസം വിജയലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. റണ്‍ വരള്‍ച്ചയുടെ പിടിയിലായിരുന്ന ഇംഗ്ലീഷ് ഓപ്പണർമാർ അവസരത്തിനൊത്ത് താളം കണ്ടെത്തിയതാണ് ഇന്ത്യക്ക് പാരയായത്. ഏറെ തലവേദന സമ്മാനിച്ച ഇരുവരേയും പുറത്താക്കാന്‍ ഇന്ത്യക്കായപ്പോള്‍ അലക്സ് ലീസിന്‍റെ(Alex Lees) റണ്ണൗട്ട് ഇന്ത്യന്‍ ടീമിന് ആവേശമായി. മുന്‍നായകന്‍ വിരാട് കോലിക്കായിരുന്നു(Virat Kohli) ഏറ്റവും ആവേശം.  

378 റണ്‍സിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശവേ 107 റണ്‍സാണ് ഇംഗ്ലീഷ് ഓപ്പണർമാരായ സാക്ക് ക്രൗലിയും അലക്സ് ലീസും ഒന്നാം വിക്കറ്റില്‍ ചേർത്തത്. 76 പന്തില്‍ 46 റണ്‍സെടുത്ത സാക്കിനെ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുമ്ര ബൗൾഡാക്കുകയായിരുന്നു. ഒരോവറിന്‍റെ ഇടവേളയില്‍ മൂന്നാമന്‍ ഓലീ പോപ് പുറത്തായെങ്കിലും അർധസെഞ്ചുറി തികച്ച് ഗംഭീരമായി മുന്നേറുകയായിരുന്നു അലക്സ് ലീസ്. എന്നാല്‍ ജോ റൂട്ടുമായുള്ള ഓട്ടത്തിനിടയിലെ ആശയക്കുഴപ്പം തൊട്ടടുത്ത ഓവറില്‍ താരത്തിന് വിനയായി. 65 പന്തില്‍ 56 റണ്ണെടുത്ത് നില്‍ക്കേ ലീസിനെ മുഹമ്മദ് ഷമിയുടെ ത്രോയില്‍ രവീന്ദ്ര ജഡേജ സ്റ്റംപ് ചെയ്തു. 107-1 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് ഇതോടെ 109-3 എന്ന നിലയില്‍ സമ്മർദത്തിലായി. ലീസിന്‍റെ രണ്ടാം ടെസ്റ്റ് ഫിഫ്റ്റിയാണിത്. 

എന്നാല്‍ 150 റണ്‍സിന്‍റെ പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിച്ചിരിക്കുകയാണ് ജോ റൂട്ടും ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറിവീരന്‍ ജോണി ബെയ്ർസ്റ്റോയും. അവസാന ദിനം ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിക്കും. 112 പന്തില്‍ 76* റണ്‍സോടെ ജോ റൂട്ടും 87 പന്തില്‍ 72* റണ്‍സോടെ ജോണി ബെയ്ര്‍സ്റ്റോയുമാണ് ക്രീസില്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് അവസാനദിനം ജയത്തിലേക്ക് വേണ്ടത് 119 റണ്‍സ് മാത്രം. ആദ്യ ഇന്നിംഗ്സില്‍ 140 പന്തില്‍ 106 റണ്‍സ് നേടിയ ബെയ്ര്‍സ്റ്റോ മിന്നും ഫോമിലാണ്. 

ഈ കൂട്ടുകെട്ട് പൊളിച്ചാലും ക്രീസിലെത്താനുള്ള ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ഇന്ത്യക്ക് തലവേദനയാവും. ഇന്ന് ആദ്യ സെഷനില്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര ഉള്‍പ്പടെയുള്ള പേസർമാരുടെ ഓവറുകള്‍ നിർണായകമാകും. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ നിലവില്‍ 2-1ന് മുന്നിലാണ്. 

ഇംഗ്ലണ്ടിനെതിരായ വിക്കറ്റ് വേട്ടയില്‍ കപിലിനെ മറികടന്ന് ബുമ്ര
 


 

Latest Videos
Follow Us:
Download App:
  • android
  • ios