പന്തെറിഞ്ഞ പേസർ ഷർദ്ദുല്‍ ഠാക്കൂറിനും ഈ വിക്കറ്റൊരു പ്രായ്ശ്ചിത്തമായി. സ്റ്റോക്സിനെ ഷർദ്ദുല്‍ നേരത്തെ നിലത്തിട്ടിരുന്നു. 

എഡ്‍ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റില്‍(ENG vs IND 5th Test) മൂന്നാംദിനം ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുമ്രയുടെ(Jasprit Bumrah) പറക്കും ക്യാച്ച്. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സിന്‍റെ(Ben Stokes) ക്യാച്ച് നിലത്തിട്ടതിന് തൊട്ടുപിന്നാലെയുള്ള പന്തിലാണ് ബുമ്ര പറക്കും ക്യാച്ച് പുറത്തെടുത്തതും ജോണി ബെയ്ർസ്റ്റോയുമൊത്തുള്ള സ്റ്റോക്സിന്‍റെ നിർണായക കൂട്ടുകെട്ട് പൊളിച്ചതും. പന്തെറിഞ്ഞ പേസർ ഷർദ്ദുല്‍ ഠാക്കൂറിനും(Shardul Thakur) ഈ വിക്കറ്റൊരു പ്രായ്ശ്ചിത്തമായി. 

അഞ്ചിന് 84 എന്ന നിലയില്‍ മൂന്നാംദിനം കളി തുടങ്ങിയ ഇംഗ്ലണ്ടിനെ കരകയറ്റാനുള്ള ശ്രമത്തിലായിരുന്നു സ്റ്റോക്സും ബെയർസ്റ്റോയും. ഇന്ത്യന്‍ പേസർ ഷർദ്ദൂല്‍ ഠാക്കൂർ എറിഞ്ഞ 38-ാം ഓവറിലെ മൂന്നാം പന്തില്‍ സ്റ്റോക്സിനെ മിഡ് ഓഫില്‍ ബുമ്ര നിലത്തിട്ടു. ജഗ്ലിങ് ക്യാച്ചിന് ബുമ്ര കിണഞ്ഞുശ്രമിച്ചെങ്കിലും പന്ത് കയ്യില്‍ കുടുങ്ങിയില്ല. എന്നാല്‍ തൊട്ടടുത്ത പന്തില്‍ സ്റ്റോക്സ് സമാന ഷോട്ട് ഉതിർത്തപ്പോള്‍ ഇടത്തോട്ട് പറന്ന് തകർപ്പന്‍ ക്യാച്ച് ബുമ്ര പൂർത്തിയാക്കി. അവസാന പന്തില്‍ സ്റ്റോക്സ് നല്‍കിയ അവസരം കളഞ്ഞുകുളിച്ചതിന് പ്രായ്ശ്ചിത്തം പോലൊരു ക്യാച്ച്. ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി ഈ ക്യാച്ചിന് പിന്നാലെ ആവേശം കൊണ്ട് തുള്ളിച്ചാടുന്നതും കാണാനായി. മുഹമ്മദ് ഷമിയുടെ പന്തില്‍ സ്റ്റോക്സ് നേരത്തെ നല്‍കിയ അവസരം നിലത്തിട്ട ഷർദ്ദുലിനും ഈ വിക്കറ്റ് പ്രായ്ശ്ചിത്തമായി. 

Scroll to load tweet…

36 പന്തില്‍ 25 റണ്‍സാണ് സ്റ്റോക്സിന്‍റെ നേട്ടം. സ്റ്റോക്സ്-ബെയ്ർസ്റ്റോ സഖ്യം ആറാം വിക്കറ്റില്‍ 66 റണ്‍സ് ചേർത്തു. ഇന്ത്യയുടെ 416 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാംദിനം പുരോഗമിക്കുമ്പോള്‍ 159-6 എന്ന നിലയിലാണ്. 

ശുഭ്മാന്‍ ഗില്‍(17), ചേതേശ്വർ പുജാര(13), വിരാട് കോലി(11), ഹനുമാ വിഹാരി(20) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 416 റണ്‍സ് നേടാനായിരുന്നു. വിക്കറ്റ് കീപ്പർ റിഷഭ് പന്ത് (146), ഓൾറൗണ്ടർ രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരുഘട്ടത്തില്‍ അഞ്ചിന് 98 എന്ന നിലയില്‍ തകർച്ച നേരിട്ടിരുന്നു ഇന്ത്യ. ഇരുവരും കൂട്ടിച്ചേര്‍ത്ത 222 റണ്‍സ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തി. പിന്നീട് ജസ്പ്രീത് ബുമ്രയുടെ(16 പന്തില്‍ 31) വെടിക്കെട്ട് കൂടിയായപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 400 കടക്കുകയായിരുന്നു. 

പിന്നാലെ പന്തെറിയാനെത്തിയ ക്യാപ്റ്റന്‍ ബുമ്ര ഇംഗ്ലണ്ടിന്‍റെ വിലപ്പെട്ട മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. മുന്‍നിരക്കാരായ അലക്‌സ് ലീസ് (6), സാക് ക്രൗളി (9), ഒല്ലീ പോപ് (10) എന്നിവരുടെ വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ശേഷിക്കുന്ന വിക്കറ്റുകള്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് സ്വന്തമാക്കിയത്. അപകടകാരിയായ ജോ റൂട്ടിനെ സിറാജാണ് മടക്കിയത്. ജാക്ക് ലീച്ചിന്റെ വിക്കറ്റ് ഷമിയും സ്വന്തമാക്കി. മൂന്നാംദിനം ഇംഗ്ലണ്ടിനെ കരയകയറ്റാനുള്ള നായകന്‍ ബെന്‍ സ്റ്റോക്സിന്‍റേയും ജോണി ബെയ്ർസ്റ്റോയുടേയും തന്ത്രം പാളിയതോടെ ഇംഗ്ലണ്ട് വീണ്ടും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. 

ENG vs IND : 'സൗത്തിയേക്കാള്‍ വേഗമുണ്ടല്ലേ'... ബെയ്ർസ്റ്റോയെ ട്രോളി കോലി; സ്റ്റംപ് മൈക്കില്‍ കുടുങ്ങി- വീഡിയോ