ന്യൂസിലന്‍ഡിന്‍റെ 'ടിം സൗത്തിയേക്കാള്‍ അല്‍പം കൂടുതല്‍ വേഗമുണ്ടല്ലേ' എന്നായിരുന്നു ഇംഗ്ലീഷ് താരത്തോട് കോലിയുടെ ചോദ്യം

എഡ്‍ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിന്‍റെ(ENG vs IND 5th Test) രണ്ടാം ദിനം ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയും(Virat Kohli) ഇംഗ്ലീഷ് ബാറ്റർ ബോണി ബെയ്ർസ്റ്റോയും(Jonny Bairstow) തോളില്‍ കയ്യിട്ട് നടന്നുനീങ്ങുന്നത് മൈതാനത്തെ രസകരമായ കാഴ്ചയായിരുന്നു. ഇരുവരും ചിരിച്ച് വർത്തമാനം പറയുന്നത് സ്പോർട്സ്മാന്‍ഷിപ്പ് എന്നായിരുന്നു ആരാധകരുടെ പ്രശംസ. എന്നാല്‍ മത്സരത്തിനിടെ ഇരുവരും തമ്മിലുള്ള സ്ലെഡ്ജിംഗ് സ്റ്റംപ് മൈക്കില്‍ പതിയുകയും ചെയ്തു. 

ഒന്നാം ഇന്നിംഗ്സില്‍ ജസ്പ്രീത് ബുമ്ര പന്ത് കൊണ്ട് തുടക്കത്തിലെ ആഞ്ഞടിച്ചപ്പോള്‍ ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ ഒന്നിച്ചതായിരുന്നു ബെന്‍ സ്റ്റോക്സും ജോണി ബെയ്ർസ്റ്റോയും. എന്നാല്‍ ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമിക്കെതിരെ ബെയ്ർസ്റ്റോ വിയർത്തു. ഇതോടെയാണ് വിരാട് കോലി ബെയ്ർസ്റ്റോയെ ട്രോളിയത്. ഇംഗ്ലണ്ട് ഇന്നിംഗ്സിലെ 14-ാം ഓവറിന് ശേഷമായിരുന്നു സംഭവം. ന്യൂസിലന്‍ഡിന്‍റെ 'ടിം സൗത്തിയേക്കാള്‍ അല്‍പം കൂടുതല്‍ വേഗമുണ്ടല്ലേ' എന്നായിരുന്നു ഇംഗ്ലീഷ് താരത്തോട് കോലിയുടെ ചോദ്യം. ഈസമയം 55-3 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. 

Scroll to load tweet…

ശുഭ്മാന്‍ ഗില്‍, ചേതേശ്വർ പുജാര, വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 416 റണ്‍സ് നേടാനായിരുന്നു. വിക്കറ്റ് കീപ്പർ റിഷഭ് പന്ത് (146), ഓൾറൗണ്ടർ രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരുഘട്ടത്തില്‍ അഞ്ചിന് 98 എന്ന നിലയില്‍ തകർച്ച നേരിട്ടിരുന്നു ഇന്ത്യ. ഇരുവരും കൂട്ടിചേര്‍ത്ത 222 റണ്‍സ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തി. പിന്നീട് ജസ്പ്രീത് ബുമ്രയുടെ(16 പന്തില്‍ 31) വെടിക്കെട്ട് കൂടിയായപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 400 കടക്കുകയായിരുന്നു. 

പിന്നാലെ പന്തെറിയാനെത്തിയ ക്യാപ്റ്റന്‍ ഇംഗ്ലണ്ടിന്‍റെ വിലപ്പെട്ട മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. മുന്‍നിരക്കാരായ അലക്‌സ് ലീസ് (6), സാക് ക്രൗളി (9), ഒല്ലീ പോപ് (10) എന്നിവരുടെ വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 84 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ശേഷിക്കുന്ന വിക്കറ്റുകള്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് സ്വന്തമാക്കിയത്. അപകടകാരിയായ ജോ റൂട്ടിനെ സിറാജാണ് മടക്കിയത്. ജാക്ക് ലീച്ചിന്റെ വിക്കറ്റ് ഷമിയും സ്വന്തമാക്കി. മൂന്നാംദിനം ഇംഗ്ലണ്ടിനെ കരയകയറ്റാനുള്ള ശ്രമത്തിലാണ് നായകന്‍ ബെന്‍ സ്റ്റോക്സും ജോണി ബെയ്ർസ്റ്റോയും. 

'പുറത്തായത് അനാവശ്യ ഷോട്ടിലൂടെ'; ശുഭ്മാന്‍ ഗില്ലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രവി ശാസ്ത്രി