113 പന്തില്‍ പുറത്താവാതെ 125 റണ്‍സാണ് പന്ത് നേടിയത്. ഇതില്‍ 16 ഫോറും രണ്ട് സിക്‌സും ഉണ്ടായിരുന്നു. ഒരുഘട്ടത്തില്‍ നാലിന് 72 എന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ കണ്ട് നില്‍ക്കെയാണ് പന്ത് അവതരിച്ചത്.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര (ENG vs IND) സമനിലയില്‍ അവസാനിച്ചെങ്കിലും ടി20- ഏകദിന പരമ്പരകള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കായി. ഇരു പരമ്പരകളും 2-1നാണ് ഇന്ത്യ ജയിച്ചത്. കഴിഞ്ഞ ദിവസം നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. ഏകദിനത്തില്‍ കന്നി സെഞ്ചുറി നേടിയ റിഷഭ് പന്തും (Rishabh Pant) അര്‍ധ സെഞ്ചുറി നേടിയ ഹാര്‍ദിക് പാണ്ഡ്യയുമാണ് (Hardik Pandya) ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 

മത്സരശേഷം പരമ്പര നേട്ടത്തെ കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംസാരിച്ചു. ഇംഗ്ലീഷ് പിച്ചുകളില്‍ ജയിക്കാന്‍ സാധിച്ചത് ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് രോഹിത് പറഞ്ഞു. ക്യാപ്റ്റന്റെ വാക്കുകള്‍... ''ഇംഗ്ലീഷ് പിച്ചുകളില്‍ ജയിക്കുക എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ തവണ ഞങ്ങള്‍ക്ക് ഇവിടെ ജയിക്കാനായിരുന്നില്ല. എന്നാല്‍ ഇത്തവണ ജയിക്കാനായതില്‍ ഏറെ സന്തോഷം. നല്ല പിച്ചായിരുന്നു മാഞ്ചസ്റ്ററിലേത്. എന്നാല്‍ തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായാല്‍ പിന്നീട് ജയിക്കുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ മധ്യനിര താരങ്ങള്‍ ക്ഷമ കാണിച്ചു. ഹാര്‍ദിക്കും റിഷഭ് പന്തും മനോഹരമായി കളിച്ചു. ഒരു നിമിഷം പോലും അവര്‍ ക്രീസില്‍ ബുദ്ധിമുട്ടുന്നത് ഞാന്‍ കണ്ടില്ല. അവര്‍ പരസ്പരം പിന്തുണച്ച് കളിക്കുകയാണുണ്ടായത്. യൂസ്‌വേന്ദ്ര ചാഹലിന്റെ കാര്യത്തിലും ഞാനേറെ സന്തോഷവാനാണ്. ടീമിലെ പ്രധാന താരമാണ് ചാഹല്‍. 

'ജീവിതത്തില്‍ മറക്കാനാവാത്ത ഇന്നിംഗ്‌സ്'; ഏകദിനത്തിലെ കന്നി സെഞ്ചുറിയെ കുറിച്ച് റിഷഭ് പന്ത്

ലോകകപ്പിന് ശേഷം മനോഹരമായിട്ടാണ് വളരെ നന്നായി ചാഹല്‍ പന്തെറിയുന്നു. ഹാര്‍ദിക്കും അങ്ങനെതന്നെ. മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായത് പിച്ചില്‍ നിന്ന് ലഭിച്ച പിന്തുണകൊണ്ടാണെന്ന് കരുതുന്നില്ല. ചില മോശം ഷോട്ടുകള്‍ കളിച്ചാണ് പുറത്തായത്. സഹതാരങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നു. ടീമിന്റെ ബഞ്ച് സ്ട്രങ്ത് വര്‍ധിപ്പിക്കേണ്ടതുണ്ട്. താരങ്ങള്‍ക്ക് പരിക്കേല്‍ക്കാം. വര്‍ക്ക് ലോഡ് കുറയ്ക്കണം. വിന്‍ഡീസ് പര്യടനത്തില്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നുള്ളത് സന്തോഷമുള്ള കാര്യമാണ്.'' രോഹിത് പറഞ്ഞുനിര്‍ത്തി.

ഇന്ത്യക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്; സൂപ്പര്‍താരം തിരിച്ചെത്തി

113 പന്തില്‍ പുറത്താവാതെ 125 റണ്‍സാണ് പന്ത് നേടിയത്. ഇതില്‍ 16 ഫോറും രണ്ട് സിക്‌സും ഉണ്ടായിരുന്നു. ഒരുഘട്ടത്തില്‍ നാലിന് 72 എന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ കണ്ട് നില്‍ക്കെയാണ് പന്ത് അവതരിച്ചത്. ഹാര്‍ദിക് പാണ്ഡ്യ 55 പന്തില്‍ 77 റണ്‍സുമായി നിര്‍ണായക പിന്തുണ നല്‍കി. ഇരുവരും 133 റണ്‍സാണ് കൂട്ടിചേര്‍ത്തത്. മത്സരത്തിലെ താരവും പന്തായിരുന്നു.