രണ്ടാം ഓവറില്‍ തന്നെ ഇന്ത്യ നിയന്ത്രണമേറ്റെടുത്തു. ഏകദിന പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച മുഹമ്മദ് സിറാജ് (Mohammed Siraj), ജോണി ബെയര്‍സ്‌റ്റോ (0), ജോ റൂട്ട് (0) എന്നിവരെ മടക്കിയയച്ചു.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ (ENG vs IND) നിര്‍ണായകമായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബൗളിംഗ് തിരിഞ്ഞെടുത്ത ഇന്ത്യക്ക് ആതിഥേയരുടെ നാല് വിക്കറ്റുകള്‍ വീഴ്ത്താനായി. 15 ഓവറില്‍ 80 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡിലുള്ളത്. മൊയീന്‍ അലി (1), ജോസ് ബട്‌ലര്‍ (9) എന്നിവരാണ് ക്രീസില്‍. മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

രണ്ടാം ഓവറില്‍ തന്നെ ഇന്ത്യ നിയന്ത്രണമേറ്റെടുത്തു. ഏകദിന പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച മുഹമ്മദ് സിറാജ് (Mohammed Siraj), ജോണി ബെയര്‍സ്‌റ്റോ (0), ജോ റൂട്ട് (0) എന്നിവരെ മടക്കിയയച്ചു. മിഡ്ഓഫില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കിയാണ് ബെയര്‍‌സ്റ്റോ മടങ്ങുന്നത്. അതേ ഓവറിന്റെ അവസാന പന്തില്‍ റൂട്ടിനേയും (0) സിറാജ് മടക്കി. സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച്.

പിന്നീട് ക്രീസില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ജേസണ്‍ റോയ് (41)- സ്‌റ്റോക്‌സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ (Hardik Pandya) ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ റോയ്ക്ക് പിഴച്ചു. 10-ാം ഓവറില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി റോയ് മടങ്ങി. റോയ് ഏഴ് ബൗണ്ടറികള്‍ നേടി. മികച്ച തുടക്കം സ്‌റ്റോക്‌സിന് മുതലാക്കാനായില്ല. ഹാര്‍ദിക് സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. 

നേരത്തെ, ഒരു മാറ്റവുമായിട്ടാണി ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇരുവരും പങ്കിട്ടിരുന്നു. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, മൊയീന്‍ അലി, ക്രെയ്ഗ് ഓവര്‍ടോണ്‍, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, റീസെ ടോപ്‌ലി.