ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്ക് മുമ്പ് ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ഏറ്റവും വൈറലായത് സഞ്ജു സാംസണിന്‍റെ ചിത്രമായിരുന്നു

സതാംപ്‍ടണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍(ENG vs IND T20Is) ആദ്യ മത്സരത്തിനുള്ള സ്ക്വാഡില്‍ മാത്രമാണ് മലയാളി ബാറ്റർ സഞ്ജു സാംസണുണ്ടായിരുന്നത്(Sanju Samson). എന്നാല്‍ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതെ വന്നതോടെ നാട്ടിലേക്ക് മടങ്ങുകയാണ് സഞ്ജു. ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങും മുമ്പ് സഞ്ജു സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ആരാധകർക്ക് ഹൃദയഭേദകമായി. 'Heading back home. എല്ലാവർക്കും നന്ദി' എന്നായിരുന്നു ഇംഗ്ലീഷിലും മലയാളത്തിലുമായി ആരാധകരെ നെഞ്ചോട് ചേർത്ത് സഞ്ജുവിന്‍റെ കുറിപ്പ്. 

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്ക് മുമ്പ് ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ഏറ്റവും വൈറലായത് സഞ്ജു സാംസണിന്‍റെ ചിത്രമായിരുന്നു. സഞ്ജുവിന്‍റെ ചിത്രത്തിനാണ് ഏറ്റവും കൂടുതല്‍ ലൈക്കും കമന്‍റും ലഭിച്ചത്. സഞ്ജുവിനെ ആദ്യ ടി20യില്‍ കളിപ്പിക്കണമെന്ന ആവശ്യം അന്ന് ആരാധകർ ശക്തമായി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍‌ സതാംപ്ടണിലെ മത്സരത്തില്‍ പ്ലേയിംഗ് ഇലവന്‍ വന്നപ്പോള്‍ സഞ്ജു പുറത്തായി. ഇതോടെ ടീം മാനേജ്‍മെന്‍റിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്തെത്തി. ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന രണ്ട് ടി20കള്‍ക്കുള്ള സ്ക്വാഡില്‍ സഞ്ജുവിന്‍റെ പേരില്ല. ഇതോടെ സഞ്ജു ടി20 ലോകകപ്പിലുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. 

ബിസിസിഐയുടെ രാഷ്ട്രീയം കാരണമാണ് സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവന് പുറത്തായതെന്നാണ് ഒരുവിഭാഗം ആരാധകരുടെ വിമർശനം. സഞ്ജുവിന്‍റെ കരിയർ തകർക്കുകയാണ് ഇന്ത്യന്‍ മാനേജ്‍മെന്റ് എന്നായിരുന്നു ഒരു ആരാധകന്‍റെ ട്വീറ്റ്. അവസാന മത്സരത്തില്‍ അയർലന്‍ഡിനെതിരെ ഓപ്പണറായിറങ്ങി 42 പന്തില്‍ 9 ഫോറും നാല് സിക്സറും സഹിതം 183 സ്ട്രൈക്ക് റേറ്റോടെ സഞ്ജു 77 റണ്‍സ് നേടിയത് ആരാധകർ ഓർമ്മിപ്പിച്ചു. സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് അടക്കിഭരിക്കുന്ന കാലം വരുമെന്ന് മറ്റൊരു ആരാധകന്‍ കമന്‍റ് ചെയ്തു. എന്തായാലും സഞ്ജുവിന്‍‌റെ മലയാളി ആരാധകർ മാത്രമല്ല താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമായി. ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലാണ് സഞ്ജുവിനെ ഇന്ത്യന്‍ കുപ്പായത്തില്‍ ആരാധകർ കാണുക. 

ENG vs IND : അയർലന്‍ഡിനെതിരായ ഫിഫ്റ്റി ആവിയായിപ്പോയോ? സഞ്ജുവിനെ പുറത്താക്കിയതില്‍ ആളിക്കത്തി ആരാധകരോക്ഷം