ഒരേ പന്തില്‍ തന്നെ മത്സരത്തിലെ 100ഉം ടെസ്റ്റ് കരിയറിലെ 10000 റണ്‍സും തികച്ച ജോ റൂട്ടിന് അഭിനന്ദനപ്രവാഹം
ലോര്‍ഡ്‌സ്: കടുത്ത സമ്മര്‍ദത്തിനിടെ നേടിയ വിജയസെഞ്ചുറി, ഒപ്പം 10000 ടെസ്റ്റ് റണ്‍സ് ക്ലബില്‍ അംഗത്വവും. ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍(ENG vs NZ 1st Test) അത്യപൂര്‍വ കാഴ്‌ചയ്‌ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ടിം സൗത്തിയുടെ പന്തില്‍ ഡബിള്‍ ഓടി രണ്ട് നേട്ടങ്ങളിലേക്കും റൂട്ട്(Joe Root) തന്‍റെ സുന്ദര പാത വെട്ടുകയായിരുന്നു. ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സമ്മാനിച്ച സെഞ്ചുറിയും നാഴികക്കല്ലുകളുമായി ലോര്‍ഡ്‌സില്‍(Lord's Cricket Ground) എഴുന്നേറ്റുനിന്നുള്ള കാണികളുടെ കയ്യടി വാങ്ങിയ റൂട്ടിന് വലിയ പ്രശംസയാണ് സാമൂഹ്യമാധ്യമങ്ങളിലും ലഭിച്ചത്.
ഒരേ പന്തില്‍ തന്നെ മത്സരത്തിലെ 100ഉം ടെസ്റ്റ് കരിയറിലെ 10000 റണ്‍സും തികച്ച ജോ റൂട്ടിനെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, മുന്‍ താരങ്ങളായ മൈക്കല്‍ വോണ്‍, വിവിഎസ് ലക്ഷ്‌മണ്‍, ലൂക്ക് റൈറ്റ് തുടങ്ങിയവര്‍ രംഗത്തെത്തി. എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ എന്നാണ് റൂട്ടിനെ ദാദ വിശേഷിപ്പിച്ചത്. ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും സമ്പൂര്‍ണ ഓള്‍റൗണ്ട് ബാറ്റര്‍ എന്നാണ് റൂട്ടിനെ മൈക്കല്‍ വോണ്‍ വിശേഷിപ്പിച്ചത്. 100ഉം 10000 റണ്‍സുമായി ലോര്‍ഡ്‌സിന്‍റെ രാജാവായി വാഴുകയായിരുന്നു റൂട്ട്.
ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ 76-ാം ഓവറിലെ ആറാം പന്തില്‍ ടിം സൗത്തിക്കെതിരെ ഡീപ് സ്‌ക്വയറിലൂടെ രണ്ട് റണ്‍സ് നേടിയാണ് ജോ റൂട്ട് 26-ാം ടെസ്റ്റ് ശതകത്തിലെത്തിയത്. ഇതേ പന്തില്‍ തന്നെ എലൈറ്റ് പതിനായിരം ക്ലബില്‍ അംഗത്വം നേടുകയുമായിരുന്നു ഇംഗ്ലീഷ് മുന്‍ നായകന്‍. ടെസ്റ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 14-ാം ബാറ്ററാണ് റൂട്ട്. രണ്ടാമത്തെ മാത്രം ഇംഗ്ലീഷ് താരവും. വിഖ്യാത ബാറ്റര്‍ അലിസ്റ്റര്‍ കുക്കാണ് മുമ്പ് പതിനായിരം ടെസ്റ്റ് റണ്‍സ് തികച്ച ഏക ഇംഗ്ലീഷ് താരം. 118-ാം ടെസ്റ്റ് മത്സരത്തിലാണ് റൂട്ടിന്‍റെ നേട്ടം. റൂട്ടിന്‍റെ സെഞ്ചുറിക്കരുത്തില്‍ മത്സരം അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ട് വിജയിച്ചു.
ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കറായിരുന്നു ടെസ്റ്റില്‍ 10000 റണ്‍സ് കണ്ടെത്തിയ ആദ്യ താരം. 1987ലായിരുന്നു ഇത്. ഇതിന് ശേഷം അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ, ബ്രയാന്‍ ലാറ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, റിക്കി പോണ്ടിംഗ്, ജാക്ക് കാലിസ്, മഹേള ജയവര്‍ധനെ, ശിവ്‌നരേന്‍ ചന്ദര്‍പോള്‍, കുമാര്‍ സംഗക്കാര, അലിസ്റ്റര്‍ കുക്ക്, യൂനിസ് ഖാന്‍ എന്നിവരും റൂട്ടിന് മുമ്പ് പട്ടികയില്‍ ഇടംപിടിച്ചു.
Joe Root : ഒരേ ദിനം ഒരേ നാഴികക്കല്ലില്‍; അലിസ്റ്റര്‍ കുക്കിന്‍റെ റെക്കോര്‍ഡിനൊപ്പം ജോ റൂട്ട്
