ഫിറ്റ്‌നസ് നിലനിര്‍ത്തിയാല്‍ 15000ത്തിധികം റണ്‍സ് കണ്ടെത്താന്‍ റൂട്ടിനാകും എന്നും മാർക് ടൈലർ

ലോര്‍ഡ്‌സ്: ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്‌ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തില്‍ അലിസ്റ്റര്‍ കുക്കിന്‍റെ(Alastair Cook) റെക്കോര്‍ഡിനൊപ്പമെത്തിയതിന് പിന്നാലെ ജോ റൂട്ടിനെ(Joe Root) കുറിച്ച് പ്രവചനവുമായി ഓസീസ് മുന്‍ നായകന്‍ മാര്‍ക്ക് ടൈലര്‍(Mark Taylor). നിലവിലെ ഫോം തുടരുകയാണെങ്കിൽ ടെസ്റ്റ് റണ്‍വേട്ടയില്‍ സച്ചിനെ റൂട്ട് മറികടക്കുമെന്ന് മാർക് ടൈലർ പറയുന്നു. ടെസ്റ്റിലെ 26-ാം സെഞ്ചുറിയും പതിനായിരം ക്ലബില്‍ അംഗത്വവും റൂട്ട് ഒരേ മത്സരത്തിലാണ് നേടിയത്.

'ജോ റൂട്ടിന് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ കരിയര്‍ അവശേഷിക്കുന്നുണ്ട്. അതിനാല്‍ സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുക പ്രയാസമല്ല. കരിയറിലെ ഏറ്റവും മികച്ച കാലത്തിലൂടെയാണ് അദേഹം കടന്നുപോകുന്നത്. രണ്ട് വര്‍ഷമായി റണ്ണൊഴുക്കിക്കൊണ്ടിരിക്കുന്നു. ഫിറ്റ്‌നസ് നിലനിര്‍ത്തിയാല്‍ 15000ത്തിലധികം റണ്‍സ് കണ്ടെത്താന്‍ റൂട്ടിനാകും' എന്നും മാർക് ടൈലർ വ്യക്തമാക്കി. 200 ടെസ്റ്റ് മത്സരങ്ങളില്‍ 51 സെഞ്ചുറികളോടെ 15921 റണ്‍സാണ് റണ്‍പട്ടികയില്‍ ഒന്നാമതുള്ള സച്ചിന്‍റെ സമ്പാദ്യം. 

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ 76-ാം ഓവറിലെ ആറാം പന്തില്‍ ടിം സൗത്തിക്കെതിരെ ഡീപ് സ്‌ക്വയറിലൂടെ രണ്ട് റണ്‍സ് നേടിയാണ് ജോ റൂട്ട് 26-ാം ടെസ്റ്റ് ശതകത്തിലെത്തിയത്. ഇതേ പന്തില്‍ തന്നെ എലൈറ്റ് പതിനായിരം ക്ലബില്‍ അംഗത്വം നേടുകയുമായിരുന്നു ഇംഗ്ലീഷ് മുന്‍ നായകന്‍. ടെസ്റ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 14-ാം ബാറ്ററാണ് റൂട്ട്. രണ്ടാമത്തെ മാത്രം ഇംഗ്ലീഷ് താരവും. വിഖ്യാത ബാറ്റര്‍ അലിസ്റ്റര്‍ കുക്കാണ് മുമ്പ് പതിനായിരം ടെസ്റ്റ് റണ്‍സ് തികച്ച ഏക ഇംഗ്ലീഷ് താരം. 118-ാം ടെസ്റ്റ് മത്സരത്തിലാണ് റൂട്ടിന്‍റെ നേട്ടം. റൂട്ടിന്‍റെ സെ‌ഞ്ചുറിക്കരുത്തില്‍ മത്സരം അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ട് വിജയിച്ചു. 

ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കറായിരുന്നു ടെസ്റ്റില്‍ 10000 റണ്‍സ് കണ്ടെത്തിയ ആദ്യ താരം. 1987ലായിരുന്നു ഇത്. ഇതിന് ശേഷം അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ, ബ്രയാന്‍ ലാറ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, റിക്കി പോണ്ടിംഗ്, ജാക്ക് കാലിസ്, മഹേള ജയവര്‍ധനെ, ശിവ്‌നരേന്‍ ചന്ദര്‍പോള്‍, കുമാര്‍ സംഗക്കാര, അലിസ്റ്റര്‍ കുക്ക്, യൂനിസ് ഖാന്‍ എന്നിവരും റൂട്ടിന് മുമ്പ് പട്ടികയില്‍ ഇടംപിടിച്ചു. 

Joe Root : ഒരേ ദിനം ഒരേ നാഴികക്കല്ലില്‍; അലിസ്റ്റര്‍ കുക്കിന്‍റെ റെക്കോര്‍ഡിനൊപ്പം ജോ റൂട്ട്