Asianet News MalayalamAsianet News Malayalam

പിടിച്ചുനിന്നത് സ്‌റ്റോക്‌സ് മാത്രം! ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി ഇന്ത്യ; ഹൈദരാബാദില്‍ 246ന് പുറത്ത്

ഓപ്പണിംഗ് വിക്കറ്റില്‍ സാക്ക് ക്രോളി-ബെന്‍ ഡക്കറ്റ് സഖ്യം 55 റണ്‍സടിച്ച് ഇംഗ്ലണ്ടിന് ബാസ്‌ബോള്‍ ശൈലിയില്‍ മികച്ച തുടക്കം നല്‍കി. നാലോവറില്‍ 28 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജിനെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ കടന്നാക്രമിച്ചത്.

england all out for 246 against india in first test
Author
First Published Jan 25, 2024, 3:08 PM IST

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 246 റണ്‍സിന് എല്ലാവരും പുറത്തായി. സ്പിന്നര്‍മാരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്‌സര്‍ പട്ടേലിനും ജസ്പ്രിത് ബുമ്രയ്ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്. 70 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 

ഓപ്പണിംഗ് വിക്കറ്റില്‍ സാക്ക് ക്രോളി-ബെന്‍ ഡക്കറ്റ് സഖ്യം 55 റണ്‍സടിച്ച് ഇംഗ്ലണ്ടിന് ബാസ്‌ബോള്‍ ശൈലിയില്‍ മികച്ച തുടക്കം നല്‍കി. നാലോവറില്‍ 28 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജിനെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ കടന്നാക്രമിച്ചത്. ബുമ്ര നാലോവറില്‍ 12 റണ്‍സ് വഴങ്ങി. പേസര്‍മാര്‍ക്ക് പിന്തുണയൊന്നും കിട്ടാതിരുന്നതോടെ ഒമ്പതാം ഓവറില്‍ ഇരുവശത്തും സ്പിന്നര്‍മാരെ പന്തെറിയാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിയോഗിച്ചതോടെ കളി മാറി.12-ാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സെന്ന നിലിയിലായിരുന്ന ഇംഗ്ലണ്ടിന് അടുത്ത അഞ്ച് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

35 റണ്‍സെടുത്ത ഡക്കറ്റിനെ അശ്വിന്‍ തന്റെ രണ്ടാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ പോപ്പിനെ സ്ലിപ്പില്‍ ജഡേജയുടെ പന്തില്‍ രോഹിത് ശര്‍മ കൈയിലൊതുക്കി. പിടിച്ചു നില്‍ക്കുമെന്ന് കരുതിയ ഡക്കറ്റിന് അശ്വിനെതിരെ പുറത്തെടുത്ത അമിതാവേശം വിനയായി. ഫ്രണ്ട് ഫൂട്ടില്‍ ചാടിയിറങ്ങി ഷോട്ട് കളിച്ച ഡക്കറ്റിനെ മിഡോഫില്‍ മുഹമ്മദ് സിറാജ് മനോഹരമായി കൈയിലൊതുക്കി.

ജോണി ബെയര്‍‌സ്റ്റോയും ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും ലഞ്ചിനുശേഷം ജോണി ബെയര്‍‌സ്റ്റോയെ ക്ലീന്‍ ബൗള്‍ഡാക്കി അക്‌സര്‍ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ജോ റൂട്ടിനെ(29) ബുമ്രയുടെ കൈകളിലെത്തിച്ച് ജഡേജ ഇംഗ്‌സണ്ടിന്റെ നടുവൊടിച്ചു. ബെന്‍ ഫോക്‌സിനെ (4) അക്‌സറും റെഹാന്‍ അഹമ്മദിനെ(13) ബുമ്രയും മടക്കിയതോടെ 155-7ലേക്ക് വീണ ഇംഗ്ലണ്ടിനെ വാലറ്റക്കാരായ ടോം ഹാര്‍ട്ലിയെ (23) കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് നടത്തിയ പോരാട്ടമാണ് 200 കടത്തിയത്. എട്ടാം വിക്കറ്റും വീണതോടെ ജഡേജക്കെതിരെ സ്വീപ്പും റിവേഴ്‌സ് സ്വീപ്പുമായി തകര്‍ത്തടിച്ച സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്റ്റോക്‌സിന്റെ ഇന്നിംഗ്‌സ്. മാര്‍ക്ക് വുഡാണ് (11) പുറത്തായ മറ്റുതാരം. 

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന വിരാട് കോലിക്ക് പകരം ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്. ഇംഗ്ലണ്ടിനെപ്പോലെ പ്ലേയിംഗ് ഇലവനില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യയും ഇറങ്ങിയത്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജക്കുമൊപ്പം അക്‌സര്‍ പട്ടേലാണ് മൂന്നാം സ്പിന്നറായി ഇന്ത്യന്‍ ടീമിലെത്തിയത്.

അനിശ്ചിതത്വത്തിന് അവസാനം! ഇംഗ്ലണ്ട് താരം ഷൊയ്ബ് ബഷീറിന് ഇന്ത്യന്‍ വിസ; യുവതാരം ടീമിനൊപ്പം ചേരും

Latest Videos
Follow Us:
Download App:
  • android
  • ios