ചെന്നൈയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം അഹമ്മദാബാദിലെത്തിയ ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റെയും താരങ്ങള്‍ പരിശീലനം തുടങ്ങി.

അഹമ്മദാബാദ്: ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനായി ഇന്ത്യ ഇംഗ്ലണ്ട് ടീമുകള്‍ പരിശീലനം തുടങ്ങി. ബുധനാഴ്ച അഹമ്മദാബാദിലാണ് മൂന്നാം ടെസ്റ്റിന് തുടക്കമാവുക. പുതുക്കിപണിത മൊട്ടേറ സ്റ്റേഡിയത്തിലാണ് മത്സരം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് വേദി എന്ന തലയെടുപ്പുള്ള മൊട്ടേറ സ്റ്റേഡിയം മൂന്നാം ടെസ്റ്റിനായി ഒരുങ്ങിക്കഴിഞ്ഞു. 

നവീകരിച്ച സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തി പതിനായിരം പേര്‍ക്ക് കളികാണാനുള്ള സൗകര്യമുണ്ട്. ചെന്നൈയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം അഹമ്മദാബാദിലെത്തിയ ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റെയും താരങ്ങള്‍ പരിശീലനം തുടങ്ങി. ഇന്ത്യന്‍ ക്രിക്കറ്റ് ഇതുവരെ കണ്ടിട്ടില്ലാത്ത സൗകര്യങ്ങളാണ് താരങ്ങള്‍ക്കായി സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്.

രാത്രിയും പകലുമായി പിങ്ക്‌ബോളിലാണ് മൂന്നാം ടെസ്റ്റ് നടക്കുക. ഇന്ത്യ വേദിയാവുന്ന രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റാണിത്. നാലാം ടെസ്റ്റും തുടര്‍ന്ന് അഞ്ച് ട്വന്റി 20യും മൊട്ടേറയില്‍ നടക്കും. ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 227 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്.