ലണ്ടന്‍: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ മാറ്റമില്ലാതെ ഇംഗ്ലണ്ട്. 22ന് ഹെഡിങ്‌ലിയില്‍ നടക്കുന്ന ടെസ്റ്റില്‍ രണ്ടാം ടെസ്റ്റ് കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു. നേരത്തെ ജോ ഡെന്‍ലി, ഓപ്പണര്‍ ജേസണ്‍ റോയ് എന്നിവരെ ഒഴിവാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ഒരു അവസരം കൂടി നല്‍കാന്‍ സെലക്റ്റര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് പേര്‍ക്കും ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ആദ്യ ടെസ്റ്റിന്റെ തുടക്കത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റ് കളിക്കാതിരുന്ന വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണെ ടീമിലേക്ക് പരിഗണിച്ചില്ല. താരത്തിന്‍റെ പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ല. ആന്‍ഡേഴ്സണ് പകരമെത്തിയ ജോഫ്ര ആര്‍ച്ചര്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍ നേടാന്‍ ആര്‍ച്ചര്‍ക്ക് സാധിച്ചിരുന്നു. മൊയീന്‍ അലിക്ക് പകരം ടീമിലെത്തിയ ജാക്ക് ലീച്ചും ടീമില്‍ തുടരും. 

മൂന്നാം ടെസ്റ്റിലുള്ള ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്ലര്‍, സാം കുറാന്‍, ജോ ഡെന്‍ലി, ജാക്ക് ലീച്ച്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്.