ബെര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ഹീറോയായ ജോഫ്ര ആര്‍ച്ചര്‍ ആഷസ് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. ഇന്ന് ആരംഭിക്കുന്ന ആഷസ് പരമ്പരയ്ക്കുള്ള ആദ്യ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആര്‍ച്ചര്‍ പ്ലയിങ് ഇലവനിലില്ല. ക്രിസ് വോക്‌സാണ് പകരം ടീമിലെത്തിയത്. 

വോക്‌സിന്റെ ഹോം ഗ്രൗണ്ടായ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ടീമിലെ മറ്റു പേസര്‍മാര്‍. പരിക്ക് കാരണം അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ആന്‍ഡേഴ്‌സണ്‍ കളിച്ചിരുന്നില്ല. പേസ് ഓള്‍റൗണ്ടറായി ബെന്‍ സ്‌റ്റോക്‌സും ടീമിലുണ്ട്. മൊയീന്‍ അലിയാണ് ടീമിലെ ഏക സ്പിന്നര്‍.

ജോണി ബെയര്‍സ്റ്റോയാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. ജേസണ്‍ റോയിക്കൊപ്പം റോറി ബേണ്‍സ് ഓപ്പണ്‍ ചെയ്യും. ക്യാപ്റ്റന്‍ ജോ റൂട്ട്, ജോ ഡെന്‍ലി, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ പിന്നാലെയെത്തും.