പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും തോറ്റ ഇംഗ്ലണ്ടിന് ഹെഡിങ്‌ലിയിലെ മൂന്നാം ടെസ്റ്റില്‍ ജയം അനിവാര്യമാണ്. തോല്‍ക്കുകയും സമനിലയാവുകയോ ചെയ്താല്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ആഷസ് കിരീടം നിലനിര്‍ത്തും.
ഹെഡിങ്‌ലി: ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവനെ പ്രഖ്യാപിച്ചു. ലോര്‍ഡ്സില്‍ രണ്ടാം ടെസ്റ്റ് തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചത്. ഒലി പോപ്പ് പരിക്കേറ്റ് പുറത്തായതിനാല്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. പോപ്പിന് പകരം ഹാരി ബ്രൂക്ക് ആകും നാളെ ഹെഡിങ്‌ലിയില്‍ തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ വണ്‍ ഡൗണായി ക്രീസിലെത്തുക.
ആദ്യ രണ്ടും ടെസ്റ്റില്‍ കളിച്ച പേസര്‍ ജെയിംസ് ആന്‍ഡേഴ്സണും കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേരിയ ജോഷ് ടങ്ങിനും മൂന്നാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചു. രണ്ടാം ടെസ്റ്റില്‍ പരിക്കുമൂലം കളിക്കാതിരുന്ന മൊയീന്‍ അലി തിരിച്ചെത്തിയപ്പോള്‍ പേസര്‍മാരായ ക്രിസ് വോക്സും മാര്‍ക്ക് വുഡും അന്തിമ ഇലവനിലെത്തി. ഒരു ടെസ്റ്റ് മാത്രം കളിച്ച ടങ് ലോര്‍ഡ്സില്‍ തിളങ്ങിയിട്ടും വിശ്രമം അനുവദിച്ച തീരുമാനം ആരാധകരെ അമ്പരപ്പിച്ചു. ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങാനാവാതിരുന്ന ആന്‍ഡേഴ്സണ് വിശ്രമം അനുവദിച്ചിരിക്കുകയാണെങ്കിലും ശേഷിക്കുന്ന ടെസ്റ്റിലും കളിപ്പിക്കാനുള്ള സാധ്യത മങ്ങി.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും തോറ്റ ഇംഗ്ലണ്ടിന് ഹെഡിങ്‌ലിയിലെ മൂന്നാം ടെസ്റ്റില്‍ ജയം അനിവാര്യമാണ്. തോല്‍ക്കുകയും സമനിലയാവുകയോ ചെയ്താല്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ആഷസ് കിരീടം നിലനിര്‍ത്തും. ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയെ ഓസീസ് കീപ്പര്‍ അലക്സ് ക്യാരി റണ്ണൗട്ടാക്കിയത് വിവാദമായതിനാല്‍ മൂന്നാം ടെസ്റ്റിന് അധിക സുരക്ഷ വേണമെന്ന് ഓസ്ട്രേലിയ ആവശ്യപ്പെട്ടിട്ടുണ്ട്.
ബെയര്‍സ്റ്റോയുടെ റണ്ണൗട്ടിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ന്യായീകരിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും രംഗത്തുവന്നതോടെ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് പ്രാധാന്യമേറുകയും ചെയ്തു. മാര്‍ക്ക് വുഡും ക്രിസ് വോക്സും എത്തുന്നതോടെ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് നാലു പേസര്‍മാരുമായാണ് ഇറങ്ങുക. മൊയിന്‍ അലി മാത്രമാകും ഏക സ്പിന്നര്‍.
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവന്‍: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ (wk), ബെൻ സ്റ്റോക്സ് (c), മോയിൻ അലി, ക്രിസ് വോക്സ്, മാർക്ക് വുഡ്, ഒല്ലി റോബിൻസൺ, സ്റ്റുവർട്ട് ബ്രോഡ്.
