ടെസ്റ്റ് ടീം ഇപ്പോള്‍ തലമുറ മാറ്റത്തിന്‍റെ വക്കിലാണ്. അതിന്‍റെ ആദ്യ പടിയായി ചേതേശ്വര്‍ പൂജാര ടീമിന് പുറത്തായി. പകരമെത്തിയത് യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്‌ക്‌വാദും. വിരാട് കോലിയും രോഹിത് ശര്‍മയും അജിങ്ക്യാ രഹാനെയും എത്രകാലം ടെസ്റ്റില്‍ തുടരുമെന്ന് പറയാനാവില്ല

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറായി ചുമതലയേറ്റ അജിത് അഗാര്‍ക്കര്‍ക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളി. തീരുമാനമെടുക്കേണ്ട നിരവധി കാര്യങ്ങളാണ് അഗാര്‍ക്കര്‍ക്കും സെലക്ഷന്‍ കമ്മിറ്റിക്കും മുന്നിലുള്ളത്. അതില്‍ പ്രധാനപ്പെട്ടത് എന്തൊക്കെയെന്ന് നോക്കാം.

ടെസ്റ്റ് ടീമിലെ തലമുറമാറ്റം

ടെസ്റ്റ് ടീം ഇപ്പോള്‍ തലമുറ മാറ്റത്തിന്‍റെ വക്കിലാണ്. അതിന്‍റെ ആദ്യ പടിയായി ചേതേശ്വര്‍ പൂജാര ടീമിന് പുറത്തായി. പകരമെത്തിയത് യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്‌ക്‌വാദും. വിരാട് കോലിയും രോഹിത് ശര്‍മയും അജിങ്ക്യാ രഹാനെയും എത്രകാലം ടെസ്റ്റില്‍ തുടരുമെന്ന് പറയാനാവില്ല. പ്രായം 36 കഴിഞ്ഞ അശ്വിനും ഉമേഷ് യാദവിനുംമെല്ലാംം പറ്റിയ പകരക്കാരെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഇതിന് പുറമെ ‌ടെസ്റ്റ് ടീമിന് പുതിയ നായകനെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരേണ്ട ചുമതലയും അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് മുമ്പിലുണ്ട്.

ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സി

ടി20 ടീമിന്‍റെ താല്‍ക്കാലിക നായകനായി തുടരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യക്ക് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ സ്ഥിരം നായകപദവി നല്‍കുമോ എന്നും ആരാധകര്‍ ഉറ്റു നോക്കുന്നു. ഏകദിന ലോകകപ്പിന് ശേഷം രോഹിത് ശര്‍മ ഏകദിന ടീമിന്‍റെ നായകസ്ഥാനവും ഒഴിഞ്ഞാല്‍ ഹാര്‍ദ്ദിക് തന്നെയാകുമോ പകരക്കാരന്‍ എന്നതും വലിയ ചോദ്യമാണ്.

ദ്രാവിഡിന്‍റെ ഭാവി

ഏകദിന ലോകകപ്പിനുശേഷം പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്‍റെ ഭാവിയും അഗാര്‍ക്കറുടെയും സംഘത്തിന്‍റെയും മുന്നിലുണ്ട്. ഏഷ്യാ കപ്പ്, ഐസിസി ടി20 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങിയ പ്രധാന ടൂര്‍ണമെന്‍റുകളിലെല്ലാം തോറ്റതോടെ ലോകകപ്പ് കിരീടത്തില്‍ കുറഞ്ഞതൊന്നും ദ്രാവിഡിന്‍റെ സ്ഥാനം സുരക്ഷിതമാക്കില്ല. ദ്രാവിഡിന് പകരം ആരെന്നതും വലിയ ചോദ്യമാണ്.

ലോകകപ്പ് ടീം

ഏകദിന ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുക എന്നതാണ് അഗാര്‍ക്കറുടെയും ടീമിന്‍റെയും മുന്നിലുള്ള ആദ്യ കടമ്പ. ഓഗസ്റ്റ് അവസാനവാരം പ്രാഥമിക സ്ക്വാഡ‍ിനെ പ്രഖ്യാപിക്കണമെന്നതിനാല്‍ ഇതിലേക്ക് കൂുതല്‍ സമയം ചെലവഴിക്കാന്‍ അഗാര്‍ക്കാവില്ല. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തു നില്‍ക്കുമ്പോള്‍ സീനിയര്‍ താരങ്ങളില്‍ തന്നെ അഗാര്‍ക്കറും സംഘവും വിശ്വസമര്‍പ്പിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ദുലീപ് ട്രോഫി: സര്‍ഫ്രാസ് പൂജ്യത്തിന് പുറത്ത്, സൂര്യകുമാറിനും പൂജാരക്കും നിരാശ; വെസ്റ്റ് സോണിന് തകര്‍ച്ച

ഏകദിന ലോകകപ്പിനുശേഷം

ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് ശേഷം വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ഏകദിന കരിയറിനെക്കുറിച്ചും അഗാര്‍ക്കര്‍ക്കും സംഘത്തിനും തീരുമാമനമെടുക്കേണ്ടിവരും. ടി20യിലേതുപോലെ ഏകദിനങ്ങളിലും തലമുറമാറ്റമെന്ന ആവശ്യവും ശക്തമാകും.