സതാംപ്ടണ്‍: ഓസീസിനെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്. സതാംപ്ടണില്‍ നടന്ന രണ്ടാം ടി20 ആറ് വിക്കറ്റിന് ജയിച്ചതോടെയാണ് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 77 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ജയം എളുപ്പമാക്കിയത്. ഡേവിഡ് മലാന്‍ (42) മികച്ച പിന്തുണ നല്‍കി. ബട്‌ലറാണ് മാന്‍ ഓഫ് ദ മാച്ച്. മൂന്ന് ടി20കള്‍ അടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചിരുന്നു. 

മലാന് പുറമെ ജോണി ബെയര്‍സ്‌റ്റോ (90), ടോം ബാന്റണ്‍ (2), ഓയിന്‍ മോര്‍ഗന്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മൊയീന്‍ അലി 13 റണ്‍സോടെ പുറത്താവാതെ നിന്നു. 54 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ബട്‌ലറുടെ ഇന്നിങ്‌സ്. മലാന്‍ 32 പന്തില്‍ ഏഴ് ബൗണ്ടറികള്‍ കണ്ടെത്തി. ഓസീസിന് വേണ്ടി ആഷ്ടണ്‍ അഗര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആഡം സാംപ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കാണ് മറ്റു വിക്കറ്റുകള്‍. 

നേരത്തെ ആരോണ്‍ ഫിഞ്ചിന്റെ (40)യും വാലറ്റത്തിന്റെയും പ്രകടനമാണ് ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മുന്‍നിര പരാജയപ്പെട്ടത് ഓസീസിന് വിനയായി. തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ ഒന്നാം വിക്കറ്റ് നഷ്ടമായി. ജോഫ്ര ആര്‍ച്ചറുടെ മൂന്നാം പന്തില്‍ ഡേവിഡ് വാര്‍ണര്‍ മടങ്ങി. തൊട്ടടുത്ത ഓവറില്‍ അലക്‌സ് ക്യാരിയെ (2) മാര്‍ക്ക് വുഡ് മടക്കിയയച്ചു. അഞ്ചാം ഓവറിന്റെ അവസാന പന്തില്‍ സ്റ്റീവന്‍ സ്മിത്തും (10)  മടങ്ങിയതോടെ ഓസീസിന് ആഗ്രഹിച്ച തുടക്കം ലഭിച്ചില്ല. 

പിന്നീട് വന്ന മാര്‍കസ് സ്റ്റോയിനിസ് (35)- ഫിഞ്ച് സഖ്യമാണ് ഓസീസിന് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും 49 കൂട്ടിച്ചേര്‍ത്തു. അടുത്തടുത്ത ഓവറുകളില്‍ ഇരുവരും മടങ്ങിയെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്‍ (26), ആഷ്ടടണ്‍ അഗര്‍ (23), പാറ്റ് കമ്മിന്‍സ് (പുറത്താവാതെ 13) എന്നിവര്‍ ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് (2) കമ്മിന്‍സ് പുറത്താവാതെ നിന്നു.  ക്രിസ് ജോര്‍ദാന്‍ ഓസീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.