ഇംഗ്ലണ്ട് ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാള്‍, അവസാന ഓവറുകള്‍ വരെ പൊരുതിയെങ്കിലും ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
മുംബൈ: ടി20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങി കുഞ്ഞന്മായ നേപ്പാള്‍. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നാല് റണ്‍സിനായിരുന്നു നേപ്പാളിന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടിയത്. ജേക്കബ് ബേതല്‍ (55), ഹാരി ബ്രൂക്ക് (53) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. വില്‍ ജാക്ക്‌സ് 18 പന്തില്‍ പുറത്താവാതെ 39 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ നേപ്പാളിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുക്കാനാണ് സാധിച്ചത്. 29 പന്തില്‍ 44 റണ്‍സ് നേടിയ ദിപേന്ദ്ര സിംഗ് ഐരിയാണ് ടോപ് സ്‌കോറര്‍. എന്നാല്‍ ലോകേഷ് ബാമിന്റെ (20 പന്തില്‍ 39) ഇന്നിംഗ്‌സാണ് നേപ്പാളിനെ ചരിത്ര വിജയത്തിന് അടുത്തെത്തിച്ചത്.
അവസാന മൂന്ന് ഓവറില്‍ 46 റണ്‍സാണ് നേപ്പാളിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 18-ാം ഓവറില്‍ 22 റണ്‍സാണ് നേപ്പാള്‍ അടിച്ചെടുത്തത്. ഇതില്‍ മൂന്ന് സിക്‌സും ഉള്‍പ്പെടും. അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ വേണ്ടത് 24 റണ്‍സ്. ലൂക്ക് വുഡിന്റെ ആദ്യ പന്തില്‍ തന്നെ ലോകേഷ് ബാം ബൗണ്ടറി നേടി. അടുത്ത രണ്ട് പന്തും വൈഡ്. അടുത്ത പന്തില്‍ റണ്ണെടുക്കാന്‍ ലോകേഷന് സാധിച്ചില്ല. മൂന്നാം പന്ത് ബൗണ്ടറിയിലേക്ക്. അടുത്ത ഒമ്പത് പന്തില്‍ ജയിക്കാന്‍ വേണ്ടത് 14 റണ്‍സ്. തൊട്ടടുത്ത പന്ത് വൈഡ്. നാലാം പന്തില്‍ രണ്ട് റണ്‍സ് കൂടി.
അഞ്ചാം പന്തില്‍ ഒരു റണ്‍ കൂടെ. അവസാന പന്തില്‍ ഗുലര്‍ഷന്‍ ജ (1) ബൗള്‍ഡായി. പിന്നീട് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 10 റണ്‍സ് മാത്രം. എന്നാല്‍ സാം കറന്റെ പരിചയസമ്പത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ നേപ്പാളിന് സാധിച്ചില്ല. കറന്റെ ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ ലോകേഷിന് സാധിച്ചില്ല. രണ്ടാം പന്തില്‍ ഒരു റണ്‍. അവസാന നാല് പന്തില്‍ ജയിക്കാന്‍ ഒമ്പത് റണ്‍സ് കൂടി. മൂന്നാം പന്തിലും ഒരു റണ്‍. നാലാം പന്തില്‍ രണ്ട് ഓടി ലോകേഷ്. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ് മാത്രം. അഞ്ചാം പന്തില്‍ റണ്ണെടുക്കാന്‍ സാധിച്ചില്ല. അവസാന പന്തും മനോഹരമായി പൂര്‍ത്തിയാക്കി കറന്‍ ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു.
നേപ്പാളിന് വേണ്ടി കുശാല്‍ ഭര്‍ട്ടര്‍ (17 പന്തില്‍ 29), രോഹിത് പൗഡേല്‍ (34 പന്തില്‍ 39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ആസിഫ് ഷെയ്ഖ് (7), ആരിഫ് ഷെയ്ഖ് (10), ഗുല്‍ഷന്‍ ജാ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കരണ്‍ (1), ലോകേഷിനൊപ്പം പുറത്താവാതെ നിന്നു. ഇംഗ്ലണ്ട് നിരയില്‍ ജോസ് ബട്‌ലറാണ് (26) രണ്ടക്കം കണ്ട മറ്റൊരു താരം. ഫിലിപ്പ് സാള്‍ട്ട് (1), ടോം ബാന്റണ്‍ (2), ജോഫ്ര ആര്‍ച്ചര്‍ (1) എന്നിവരുടെ വിക്കറ്റുകളും അവര്‍ക്ക് നഷ്ടമായി.

