സമനിലയിലേക്ക് മത്സരം നീങ്ങുന്നുവെന്ന ഘട്ടത്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഡീകോക്ക് വീണതോടെ ദക്ഷിണാഫ്രിക്ക തോല്‍വി മുന്നില്‍ കണ്ടു. 20 ഓവര്‍ കൂടി പ്രതിരോധിച്ചു നിന്നിരുന്നെങ്കില്‍ സമനില സ്വന്തമാക്കാമെന്നിരിക്കെയായിരുന്നു ഡീ കോക്ക് അനാവശ്യ ഷോട്ടിന് മുതിര്‍ന്നത്.

കേപ്‌ടൗണ്‍: 438 റണ്‍സ് വിജലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ഭാഗ്യം കൊണ്ടുവന്നില്ല. ഇംഗ്ലീഷ് ബൗളര്‍മാരുടെ മികവിനു മുന്നില്‍ മുട്ടുമടക്കിയ ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 189 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങി. 438 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 126/2 എന്ന സ്കോറില്‍ അവസാന ദിവസം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 248 റണ്‍സില്‍ ഒതുങ്ങി.സ്കോര്‍ ഇംഗ്ലണ്ട് 269, 391, ദക്ഷിണാഫ്രിക്ക 223, 248. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് ഒപ്പമെത്തി(1-1). പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 16ന് പോര്‍ട്ട് എലിസബത്തില്‍ തുടങ്ങും.

അവസാന ദിവസം തുടക്കത്തിലെ ദക്ഷിണാഫ്രിക്കയ്ക്ക് നൈറ്റ് വാച്ച്മാന്‍ കേശവ് മഹാരാജിന്റെ(3) വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി(19) പ്രതീക്ഷ നല്‍കിയെങ്കിലും ഡോം ബെസ്സിന് മുന്നില്‍ കീഴടങ്ങി. ഒരറ്റത്ത് പ്രതിരോധിച്ച് നിന്ന പീറ്റര്‍ മലനെ(84) സാം കറന്‍ മടക്കിയതോടെ സമനിലലക്ഷ്യമാക്കി പ്രതിരോധിച്ച് നില്‍ക്കാനായി പിന്നീട് ദക്ഷിണാഫ്രിക്കയുടെ ശ്രമം.

ക്വിന്റണ്‍ ഡീകോക്കും(50), വാന്‍ഡര്‍ ഡസനും(140 പന്തില്‍ 17) ഒരു പരിധിവരെ അതില്‍ വിജയിക്കുകയും ചെയ്തു. സമനിലയിലേക്ക് മത്സരം നീങ്ങുന്നുവെന്ന ഘട്ടത്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഡീകോക്ക് വീണതോടെ ദക്ഷിണാഫ്രിക്ക തോല്‍വി മുന്നില്‍ കണ്ടു. 20 ഓവര്‍ കൂടി പ്രതിരോധിച്ചു നിന്നിരുന്നെങ്കില്‍ സമനില സ്വന്തമാക്കാമെന്നിരിക്കെയായിരുന്നു ഡീ കോക്ക് അനാവശ്യ ഷോട്ടിന് മുതിര്‍ന്നത്.

സമനില ലക്ഷ്യമാക്കി പ്രതിരോധിച്ചു നിന്ന വാലറ്റത്തെ എളുപ്പം ചുരുട്ടിക്കെട്ടാനായില്ലെങ്കിലും ഒടുവില്‍ ഇംഗ്ലണ്ട് വിജയം പിടിച്ചു. ഇംഗ്ലണ്ട് വിജയം പിടിച്ചെടുക്കുമ്പോള്‍ 10 ഓവര്‍ മാത്രമായിരുന്നു ബാക്കിയായിരുന്നത്. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണും ജോ ഡെന്‍ലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.