വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മൻ ഗില്ലിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയാണ് സെലക്ടര്‍മാര്‍ സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഓപ്പണറായി അവസരം നല്‍കിയത്.
ദില്ലി: മലയാളി താരം സഞ്ജു സാംസൺ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താത്തതിനെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാന്‍ റോയല്‍സിലെ മുന്‍ സഹതാരവും ഇന്ത്യ സ്പിന്നറുമായ യുസ്‌വേന്ദ്ര ചാഹൽ. പത്ത് വർഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ഭാഗമായ സഞ്ജുവിന് സമ്മർദ്ദമെന്നത് ഇനി ഒരു ഒഴികഴിവായി പറയാനാവില്ലെന്നും ചാഹൽ ജിയോ ഹോട്സ്റ്റാറിലെ ചര്‍ച്ചയില്‍ വ്യക്തമാക്കി.
വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മൻ ഗില്ലിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയാണ് സെലക്ടര്‍മാര്‍ സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഓപ്പണറായി അവസരം നല്‍കിയത്. എന്നാൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ല. മൂന്നാം ടി20യിൽ 'ഗോൾഡൻ ഡക്കാ'യ സഞ്ജു, വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തിൽ നല്ല തുടക്കം ലഭിച്ചിട്ടും 15 പന്തില്‍ 24 റണ്‍സെടുത്ത് വലിയ സ്കോര്‍ നേടാതെ പുറത്തായി.
പത്ത് പന്ത്രണ്ട് വർഷമായി സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ട്. ഐപിഎല്ലിൽ മധ്യനിരയില്‍ കളിച്ച് പിന്നീട് ഓപ്പണറായി മാറിയ താരമാണ് അദ്ദേഹം. ഇത്രയും അനുഭവസമ്പത്തുള്ള ഒരാൾക്ക് സമ്മര്‍ദ്ദമെന്ന ഒഴികഴിവു പറയാനാവില്ലെന്ന് ചാഹല്‍ പറഞ്ഞു. ഒന്നോ രണ്ടോ മത്സരങ്ങളിൽ പരാജയപ്പെടുന്നത് സ്വാഭാവികമാണ്, എന്നാൽ മൂന്നും നാലും അവസരങ്ങൾ കിട്ടിയിട്ടും അത് മുതലാക്കാൻ കഴിയാത്തത് അംഗീകരിക്കാനാവില്ലെന്നും ചാഹൽ ചൂണ്ടിക്കാട്ടി.
സഞ്ജുവിന് പിന്നാലെ ഇഷാൻ കിഷനെപ്പോലെയുള്ള താരങ്ങൾ അവസരം കാത്തിരിക്കുകയാണെന്ന ഓർമ്മപ്പെടുത്തലും ചാഹൽ നൽകി. മൂന്നാം നമ്പറിൽ ഇഷാൻ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 സഞ്ജുവിന്റെ നാട്ടിലായതിനാൽ അദ്ദേഹത്തിന് ഒരു അവസരം കൂടി നൽകണോ അതോ ഇഷാൻ കിഷനെ പരീക്ഷിക്കണോ എന്നത് മാനേജ്‌മെന്‍റിന്‍റെ തീരുമാനമായിരിക്കുമെന്നും ചാഹൽ പറഞ്ഞു. ലോകകപ്പിന് ഇനിയും സമയമുണ്ടെങ്കിലും സഞ്ജുവിന് ഓപ്പണിംഗിൽ തിളങ്ങാൻ കഴിയുന്നില്ലെങ്കിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
