മാഞ്ചസ്റ്റര്‍: മഴ ദൈവങ്ങളും വെസ്റ്റ് ഇന്‍ഡീസിന്റെ രക്ഷക്കെത്തിയില്ല.  മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 269 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പര സ്വന്തമാക്കി. 399 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ 129 റണ്‍സിന് പുറത്തായി. സ്കോര്‍ ഇംഗ്ലണ്ട് 369, 226/2, വെസ്റ്റ് ഇന്‍ഡീസ് 197, 129.

അഞ്ചാം ദിനം ക്രീസിലിറങ്ങുമ്പോള്‍ മഴയിലായിരുന്നു വിന്‍ഡീസിന്റെ അവസാന പ്രതീക്ഷ. നാലാം ദിനം  മഴമൂലം പൂര്‍ണമായും നഷ്ടമായിരുന്നു. അഞ്ചാം ദിവസവും നേരിയ മഴക്ക് സാധ്യതയുണ്ട് എന്നായിരുന്നു കാലവസ്ഥാ പ്രവചനം. 10/2 എന്ന സ്കോറില്‍ അവസാന ദിവസം ക്രീസിലെത്തിയ വിന്‍ഡീസിനായി ക്രെയ്ഗ് ബ്രാത്ത്‌വൈറ്റും ഷായ് ഹോപ്പും തുടക്കത്തില്‍ പ്രതിരോധിച്ചു നിന്നത് വിന്‍ഡീസിന് പ്രതീക്ഷ നല്‍കി.

Chris Woakes

ഇംഗ്ലണ്ടിനായി അഞ്ച് വിക്കറ്റെടുത്ത ക്രിസ് വോക്സ്

എന്നാല്‍ സ്കോര്‍ 45 ല്‍ നില്‍ക്കെ ബ്രാത്ത്‌വൈറ്റിനെ(19)വിക്കറ്റിന് മുന്നില്‍ കുടുക്കി ബ്രോഡ് വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടു. ബ്രോഡിന്റെ അഞ്ഞൂറാമത്തെ ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്. ഷായ് ഹോപ്പും(31) ഷമര്‍ ബ്രൂക്സും(22) ചേര്‍ന്ന് സ്കോര്‍ 71ല്‍ എത്തിച്ചെങ്കിലും ക്രിസ് വോക്സിന്രെ ഇരട്ടപ്രഹരത്തില്‍ ഇരുവരും ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയതോടെ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു.

റോസ്റ്റണ്‍ ചേസ്(7) റണ്ണൗട്ടായപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍(12), ഷെയ്ന്‍ ഡൗറിച്ച്(8), റഖീം കോണ്‍വാള്‍(2) എന്നിവരെ കൂടി വീഴ്ത്തി വോക്സ് വിന്‍ഡീസ് തകര്‍ച്ച വേഗത്തിലാക്കി. ജെര്‍മെന്‍ ബ്ലാക്ക്‌വുഡ്(23) പൊരുതി നോക്കിയെങ്കിലും മറുവശത്ത് പിന്തുണ നല്‍കാന്‍ ആരുമില്ലായിരുന്നു. ഇംഗ്ലണ്ടിനായി വോക്സ് അഞ്ചും ബ്രോഡ് നാലും വിക്കറ്റ് വീഴ്ത്തി.

പരമ്പരയിലെ ആദ്യ ടെസ്റ്റ് വിന്‍ഡീസ് ജയിച്ചപ്പോള്‍ രണ്ടും മൂന്നും ടെസ്റ്റുകള്‍ ജയിച്ചാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. 1988നുശേഷം ഇംഗ്ലണ്ടില്‍ പരമ്പര നേടുന്ന ആദ്യ വിന്‍ഡീസ് നായകനെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള അവസരവും വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ കൈവിട്ടു. കോവിഡ് ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ ക്രിക്കറ്റ് പരമ്പരയായിരുന്നു വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മില്‍ നടന്നത്.