മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മാറ്റം. ന്യൂസിലന്‍ഡിനെ പിന്നിലാക്കി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് കയറി. 186 പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്. ന്യൂസിലന്‍ഡിന് 180 പോയിന്‍റുണ്ട്. മൂന്ന് ടെസ്റ്റ് പരമ്പരകളിലായി 11 മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇതുവരെ കളിച്ചത്. മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ നിന്ന് ഏഴ് മത്സരങ്ങളാണ് ന്യൂസിലാന്‍ഡ് കളിച്ചത്. 360 പോയിന്റോടെ ഇന്ത്യയാണ് മുന്‍പില്‍. 296 പോയിന്റോടെ ഓസ്ട്രേലിയ രണ്ടാമതും. രണ്ട് ടെസ്റ്റ് പരമ്പരകള്‍ കളിച്ച വിന്‍ഡിസിന് 40 പോയിന്റ് മാത്രമാണുള്ളത്.

ബാറ്റ്‌സ്മാന്മാരുടെ ടെസ്റ്റ് റാങ്കിലും മാറ്റം വന്നിരുന്നു. രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബെന്‍ സ്റ്റോക്‌സ് ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ മൂന്നാമതെത്തിയിരുന്നു. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികിയല്‍ ഒന്നാമതെത്താനും സ്റ്റോക്‌സിനായി. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്റ്റോക്‌സ് ഒന്നാമതെത്തിയത്. 

കഴിഞ്ഞ 18 മാസക്കാലം ഹോള്‍ഡറാണ് ഒന്നാം റാങ്കിലുണ്ടായിരുന്നത്. 497 റേറ്റിംഗ് പോയിന്റാണ് സ്‌റ്റോക്‌സിനുള്ളത്. രണ്ടാമതുള്ള ഹോള്‍ഡര്‍ക്ക് 459 പോയിന്റുണ്ട്.  ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ 397 പോയിന്റോടെ മൂന്നാമതാണ്.

ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ സ്റ്റോക്‌സിന്റെ ഉയര്‍ന്ന റാങ്കാണിത്. മാഞ്ചസ്റ്ററില്‍ വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ നടന്ന തകര്‍പ്പന്‍ പ്രകടനമാണ് സ്‌റ്റോക്‌സിന് തുണയായത്. ഒന്നാം ഇന്നിങ്‌സില്‍ 176 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ 78 റണ്‍സും സ്വന്തമാക്കി.