ലീഡ്‌സ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് 112 റണ്‍സിന്റെ ലീഡ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 179നെതിരെ ആതിഥേയര്‍ 67ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡിന്റെ പ്രകടനമാണ് ഇംഗണ്ടിനെ തകര്‍ത്തത്. 12 റണ്‍സ് നേടിയ ജോ ഡെന്‍ലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. 

ഹേസല്‍വുഡിന് പുറമെ പാറ്റ് കമ്മിന്‍സ് മൂന്നും ജയിംസ് പാറ്റിന്‍സണ്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. റോറി ബേണ്‍സ് (9), ജേസണ്‍ റോയ് (9), ജോ റൂട്ട് (0), ബെന്‍ സ്‌റ്റോക്‌സ് (8), ജോണി ബെയര്‍സ്‌റ്റോ (4), ജോസ് ബട്‌ലര്‍ (5), ക്രിസ് വോക്‌സ് (5), ജോഫ്ര ആര്‍ച്ചര്‍ (7), ജാക്ക് ലീച്ച് (1), സ്റ്റുവര്‍ട്ട് ബ്രോഡ് (പുറത്താവാതെ 4) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍.  

നേരത്തെ ജോഫ്ര ആര്‍ച്ചറുടെ ആറ് വിക്കറ്റ് പ്രകടനാണ് ഓസീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഓസീസിന് വേണ്ടി വാര്‍ണര്‍ (61), മര്‍നസ് ലബുഷാഗ്നെ (74) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. 11 റണ്‍സ് നേടിയ ടിം പെയ്‌നാണ് രണ്ടക്കം കണ്ട മറ്റൊരു താരം. സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.