ലീഡ്‌സ്: ആഷസ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനും ബാറ്റിങ് തകര്‍ച്ച. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 179നെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട്  ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 45 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡ്, രണ്ട് വിക്കറ്റ് നേടിയ ജയിംസ് പാറ്റിന്‍സണ്‍ എന്നിവരാണ് ആതിഥേയരെ തകര്‍ത്തത്. ജോസ് ബട്ലര്‍ (0), ക്രിസ് വോക്സ് (0) എന്നിവരാണ് ക്രീസില്‍. 

റോറി ബേണ്‍സ് (9), ജേസണ്‍ റോയ് (9), ജോ റൂട്ട് (0), ബെന്‍ സ്‌റ്റോക്‌സ് (8), ജോ ഡെന്‍ലി (12) ജോണി ബെയര്‍സ്റ്റോ (4) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. റോയിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെയെത്തിയ റൂട്ടിന് രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. ഇരുവരെയും ഹേസല്‍വുഡ് സ്ലിപ്പില്‍ ഡേവിഡ് വാര്‍ണറുടെ കൈകളിലെത്തിച്ചു. ബേണ്‍സിനെ പാറ്റ് കമ്മിന്‍സ് മടക്കിയയച്ചപ്പോള്‍ സ്‌റ്റോക്‌സിനെ ജയിംസ് പാറ്റിന്‍സണ്‍ വീഴ്ത്തി. ഡെന്‍ലിക്കും പാറ്റിന്‍സണിന്‍റെ പേസിന് മുന്നില്‍ കീഴടങ്ങാനായിരുന്നു വിധി. ബെയര്‍സ്റ്റോ ആവട്ടെ ഹേസല്‍വുഡിന്‍റെ പന്തില്‍ വീണ്ടും വാര്‍ണറുടെ കൈകളിലൊതുങ്ങി. 

നേരത്തെ ജോഫ്ര ആര്‍ച്ചറുടെ ആറ് വിക്കറ്റ് പ്രകടനാണ് ഓസീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഓസീസിന് വേണ്ടി വാര്‍ണര്‍ (61), മര്‍നസ് ലബുഷാഗ്നെ (74) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. 11 റണ്‍സ് നേടിയ ടിം പെയ്‌നാണ് രണ്ടക്കം കണ്ട മറ്റൊരു താരം. സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.