റെക്കോർഡ് ജയത്തിന് പിന്നാലെ രണ്ട് ചിത്രങ്ങളും ഒരു ഇമോജിയും സഹിതമായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റിന്‍റെ ട്വീറ്റ്
എഡ്‍ജ്‍ബാസ്റ്റണ്‍: എഡ്‍ജ്‍ബാസ്റ്റണ്‍ ടെസ്റ്റിലെ(ENG vs IND 5th Test) തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയെ(Virat Kohli) ട്രോളി ഇംഗ്ലണ്ട് ക്രിക്കറ്റിന്‍ ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡില്‍. മത്സരത്തില്‍ കോലിയുമായി വാക്പോരുണ്ടായ ജോണി ബെയ്ർസ്റ്റോയുടെ(Jonny Bairstow) റഫറന്‍സ് സഹിതമാണ് ട്വീറ്റ്. ടെസ്റ്റ് ചരിത്രത്തില്‍ ടീമിന്‍റെ ഏറ്റവും വലിയ ചേസിംഗ് വിജയമാണ് ഇംഗ്ലണ്ട് എഡ്‍ജ്‍ബാസ്റ്റണില്‍ കുറിച്ചത്. ഇതോടെ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചിരുന്നു.
റെക്കോർഡ് ജയത്തിന് പിന്നാലെ രണ്ട് ചിത്രങ്ങളും ഒരു ഇമോജിയും സഹിതമായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റിന്‍റെ ട്വീറ്റ്. ഇംഗ്ലീഷ് സ്റ്റാർ ബാറ്റർ ജോണി ബെയ്ർസ്റ്റോയോട് വായടയ്ക്കാന്‍ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി ആംഗ്യം കാട്ടുന്നതാണ് ആദ്യ ചിത്രം. മത്സരം കഴിഞ്ഞ് വിജയശില്‍പിയായ ബെയ്ർസ്റ്റോയെ ആലിംഗനം ചെയ്ത് കോലി അഭിനന്ദിക്കുന്നതാണ് രണ്ടാമത്തെ ചിത്രം. ചിത്രങ്ങള്‍ക്ക് ഉചിതമായ രീതിയില്‍ വായടപ്പിച്ചതായുള്ള ഇമോജിയാണ് ട്വീറ്റിനൊപ്പമുള്ളത്.
എഡ്‍ജ്‍ബാസ്റ്റണ്‍ ടെസ്റ്റിന്‍റെ മൂന്നാംദിനം വിരാട് കോലിയും ജോണി ബെയ്ർസ്റ്റോയും തമ്മിലുള്ള വാക്പോര് മൈതാനത്തെ ചൂടുപിടിപ്പിച്ചിരുന്നു. എന്നാല്‍ വാക്പോരിലൊന്നും കുലുങ്ങാതെ കളിച്ച ജോണി ബെയ്ർസ്റ്റോ ഇരു ഇന്നിംഗ്സിലും സെഞ്ചുറി നേടുകയും മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ വിജയശില്‍പിയാവുകയും ചെയ്തു. ആദ്യ ഇന്നിംഗ്സില്‍ 140 പന്തില്‍ 106 റണ്‍സെടുത്ത ബെയ്ർസ്റ്റോ രണ്ടാം ഇന്നിംഗ്സില്‍ 145 പന്തില്‍ പുറത്താകാതെ 114 റണ്‍സ് നേടി. നാലാം വിക്കറ്റില്‍ പുറത്താകാതെ ബെയ്ർസ്റ്റോ-റൂട്ട് സഖ്യം 269 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജോ റൂട്ട് 173 പന്തില്‍ 142* റണ്‍സ് അടിച്ചെടുത്തു.
ഇതോടെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള അവസരം ടീം ഇന്ത്യക്ക് നഷ്ടമായി. എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന്റെ ജയത്തോടെ പരമ്പരയില്‍ 2-2ന് തുല്യത നേടിയതോടെയാണിത്. സ്‌കോര്‍: ഇന്ത്യ-416, 245 & ഇംഗ്ലണ്ട്-284, 378. ജോണി ബെയ്ർസ്റ്റോ കളിയിലേയും ജസ്പ്രീത് ബുമ്രയും ജോ റൂട്ടും പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ENG vs IND : അശ്വിനെ കളിപ്പിക്കാത്തതിന് ഇന്ത്യ കനത്ത വില നല്‍കി; രൂക്ഷവിമർശനവുമായി മുന്‍താരം
